പുനെ: സാമൂഹ്യപ്രവർത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതി ജഡ്ജി പി വി യാദവാണ് വിധി പുറപ്പെടുവിച്ചത്. കൊലപാതകം നടന്ന് പത്തുവർഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്.

രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുനെ കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായി കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്‌കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്ന് വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ പുണെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായ ദാഭോൽക്കർ 2013-ൽ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പുനെയിലെ വി ആർ ഷിൻഡെ ബ്രിഡ്ജിൽ പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ, ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. പുനെ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

സനാതൻ സൻസ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഡോ. വിരേന്ദർ തവാഡെയെ പ്രതിചേർത്ത് 2016-ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സച്ചിൻ അന്ദുരെ, ശരത് കലാസ്‌കർ , സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ 2019-ലും പ്രതി ചേർത്തു. ഇവരെല്ലാവരും സനാതൻ സൻസ്ഥയുമായി ബന്ധമുള്ളവരാണ്.

ജൂൺ പതിനെട്ടിനാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. കേസിൽ, 20 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു. 2021 സെപ്റ്റംബർ 15-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. തവാഡെ, സച്ചിൻ അന്ദുരെ, കലാസ്‌കർ എന്നിവർ നിലവിൽ ജയിലിലാണ്. ഭാവേയും പുനലേക്കറും ജാമ്യത്തിലാണ്.

നരേന്ദ്ര ദാഭോൽക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും പീഡനത്തിനും തട്ടിപ്പുകൾക്കുമെതിരേ നിയമംകൊണ്ടുവന്നത്.