ലക്നൗ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 70കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. കരൗലി സ്വദേശി ഹാജി നഫീസ് ആണ് മരിച്ചത്.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വൃദ്ധൻ തന്റെ വീടിന് പുറത്ത് ഇരിക്കുന്നതും അയൽപക്കത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിൽ ഇടിഞ്ഞു വൃദ്ധന് മേൽ വീഴുന്നതും വീഡിയോയിൽ കാണാം. ചലനമറ്റു കിടക്കുന്ന വൃദ്ധനെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഓടിയെത്തി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ മോർണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മുസാഫർനഗറിലെ ഉന്നത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.