മുംബൈ: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ നാലു ശങ്കരാചാര്യന്മാരെയും കൊണ്ടുവന്ന് ശുദ്ധികലശം നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാന പട്ടോലെ. ക്ഷേത്ര നിർമ്മാണത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും നരേന്ദ്ര മോദി തെറ്റിച്ചെന്നും 'ഇന്ത്യ' സർക്കാർ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

"യഥാവിധിയുള്ള ആചാരാനുഷ്ഠാനങ്ങൾ നടന്നില്ലെന്നു നാല് ശങ്കരാചാര്യന്മാരും അഭിപ്രായപ്പെട്ടിരുന്നു. അവർ പറയുന്നതിനനുസരിച്ചു ഞങ്ങൾ അത് അനുഷ്ഠിക്കും." നാന പട്ടോലെ കൂട്ടിച്ചേർത്തു. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല. രാമക്ഷേത്രം പൂർത്തിയായിട്ടില്ലെന്നും നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തരുതെന്നും ജോഷിമഠിലെ ശങ്കരാചാര്യർ പറഞ്ഞിരുന്നു.