വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിന് പിന്നാലെ അനധികൃതമായി കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് പൊലീസ്. കിഴക്കൻ ഗോദാവരി അനന്തപ്പള്ളിയിൽ ലോറിയിടിച്ച് മറിഞ്ഞ വാഹനത്തിൽ നിന്നാണ് ഏഴു കോടി രൂപ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

'ലോറിയിലിടിച്ച് മറിഞ്ഞ വാഹനത്തിൽ ഏഴ് കാർഡ്ബോർഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. അപകടശേഷം വാഹനത്തിലെ യാത്രക്കാർ ഇവ ഒരു ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്.

അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ കെ വീരഭദ്ര റാവുവിനെ ഗോപാലപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.' പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പണം ആദായനികുതി വകുപ്പിന് കൈമാറിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം വിശാഖപട്ടണത്തെ ഒരു ട്രക്കിൽ നിന്നും കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ പിടികൂടിയിരുന്നു. പൈപ്പുമായി പോവുകയായിരുന്ന ട്രക്കിൽ നിന്നാണ് പണം പിടികൂടിയത്. എൻടിആർ ജില്ലയിലെ ഗരികപ്പാട് ചെക്കുപോസ്റ്റിൽ വച്ചാണ് എട്ടു കോടി പിടിച്ചെടുത്തത്. ലോറിയിലെ പ്രത്യേക ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് കടത്തവെയാണ് പണം പിടികൂടിയത്. സംഭവത്തിൽ ട്രക്കിലുണ്ടായിരുന്നു രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.