ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. ബിജെപിയിലോ എൻഡിഎയിലോ ഇക്കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും രാജ്‌നാഥ് സിങ്. 75 വയസായാൽ നരേന്ദ്ര മോദി വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.

മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷായും വ്യക്തമാക്കിയിരുന്നു. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ല. 75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ലെന്നും ഷായുടെ മറുപടി നൽകി. വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നും കെജ്രിവാൾ ചോദിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റുമെന്ന ആരോപണവും അദ്ദേഹം തള്ളി.