ലക്നൗ: ലക്‌നൗ ദേശീയപാതയിൽ തോക്ക് കയ്യിലേന്തി നൃത്തം ചെയ്യുന്ന യുട്യൂബറിന്റെ റീൽസ് വൈറലായതിന് പിന്നാലെ അന്വേഷണത്തിനു പൊലീസ്. ലക്‌നൗ ദേശീയപാതയിലാണ് ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബറായ സിമ്രാൻ യാദവ് തോക്ക് കയ്യിലേന്തി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവച്ചത്. ഈ റീൽസ് വൈറലായതോടെ സിമ്രാനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. അഭിഭാഷകനായ കല്യാൺജി ചൗധരി എന്നയാളാണ് വിഡിയോ എക്‌സിൽ പങ്കുവച്ച് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

"ലക്നൗവിലെ ഇൻസ്റ്റഗ്രാം താരം സിമ്രാൻ യാദവ് തന്റെ ആരാധകക്കരുത്ത് കാണിക്കാൻ ഹൈവേയിൽ പിസ്റ്റൾ വീശി വിഡിയോ വൈറലാക്കി നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. പക്ഷേ ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നു" ഇതായിരുന്നു ചൗധരിയുടെ പോസ്റ്റ്. ഇതിനു മറുപടിയായാണ് യുപി പൊലീസിന്റെയും ലക്‌നൗ ജില്ലാ പൊലീസിന്റെയും മറുപടി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയതായി ലക്‌നൗ പൊലീസ് അറിയിച്ചു. യുട്യൂബിൽ 18 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ 22 ലക്ഷം ഫോളോവേഴ്സുമുള്ള താരമാണ് സിമ്രാൻ യാദവ്. സംഭവത്തിൽ സിമ്രാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.