മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരുക്ക്. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. കുമാരിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുമാരിയുടെ മകനും ഭാര്യയ്ക്കും മകൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. കനത്ത മഴയിൽ ശനിയാഴ്ച വൈകിട്ട് 4 നാണ് അപകടം. മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിർമല കോളജ് കവലയിലായിരുന്നു അപകടം. ഇടിയുടെ ആഘാത്തിൽ ഒരു വാഹനം പൂർണമായും മറ്റു രണ്ട് വാഹനങ്ങൾ ഭാഗികമായും തകർന്നു.

മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടം സൃഷ്ടിച്ചത്. എതിർദിശയിൽ വന്ന തൊടുപുഴ ഏഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിലും, കരുനാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ കുമാരിയുടെ മകൻ കെ.അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

അപകടത്തിൽപെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറംഗ സംഘത്തിലെ രഞ്ജിത്ത്, രാഹുൽ, അനന്തു, രതീഷ്, ജിതിൻ എന്നിവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ കുട്ടിയും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപെട്ടു.

അപകടത്തെ തുടർന്ന് മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് റോഡിൽനിന്ന് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.