- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി ചെയ്തിട്ടുണ്ടോ?'
പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എൻ.സി.പി. (എസ്.സി.പി.) നേതാവ് ശരദ് പവാർ. നെഹ്റു-ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന മോദി, രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിരൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി അമോൽ കോൽഹെയ്ക്കു വേണ്ടി ഹഡപ്സറിലെ പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു പവാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ രാഹുൽ ഗാന്ധിയെ രാജകുമാരനെന്ന് വിളിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ രാഹുൽ, കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നു, ശരദ് പവാർ പറഞ്ഞു. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് വർഷങ്ങളോളം ജവഹർ ലാൽ നെഹ്റു ജയിൽവാസം അനുഷ്ഠിച്ചു. എന്നാലും പ്രധാനമന്ത്രി നെഹ്റു-ഗാന്ധി കുടുംബത്തെ നിരന്തരമായി ലക്ഷ്യംവെക്കുന്നു, പവാർ കൂട്ടിച്ചേർത്തു.
നെഹ്റു-ഗാന്ധി കുടുംബം രാജ്യത്തിനു വേണ്ടി ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി രാജ്യത്തിനായി ചെയ്തോയെന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുകയാണെന്നും പവാർ പറഞ്ഞു. താനോ ശിവസേന (യു.ബി.ടി.) നേതാവ് ഉദ്ധവ് താക്കറെയോ ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനോട് ചേർന്ന് 'ഇല്ലാതാകുന്നതിന്' പകരം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അജിത് പവാറിനും ഏക്നാഥ് ഷിന്ദെയ്ക്കുമൊപ്പം ചേരാൻ കഴിഞ്ഞദിവസം മോദി, ശരദ് പവാറിനോടും ഉദ്ധവ് താക്കറേയോടും പറഞ്ഞിരുന്നു.