- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയോട് വിശദീകരണം തേടി ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്ത മുൻകേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എംപിയുമായ ജയന്ത് സിൻഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഹസാരിബാഗിൽ വീണ്ടും സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംഘടനാപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നെന്നും വോട്ടുപോലും ചെയ്തില്ലെന്നും നോട്ടീസിൽ പറയുന്നു.
ജയന്തിനെ മാറ്റി മനിഷ് ജയ്സ്വാളിനെയാണ് ഇത്തവണ ബിജെപി. ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ജയന്തിന്റെ നടപടികൾ കാരണം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റെന്ന് കാരണംകാണിക്കൽ നോട്ടീസിൽ ആരോപിക്കുന്നു. ഝാർഖണ്ഡ് ബിജെപി. ജനറൽ സെക്രട്ടറി അദിത്യ സാഹുവാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യം. ഇതുവരെ ജയന്ത് നോട്ടീസിന് മറുപടി നൽകിയിട്ടില്ല.
തന്നെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ജയന്ത് സിൻഹ ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോട് ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാമാറ്റത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാറിനിൽക്കുന്നത് എന്നായിരുന്നു വിശദീകരണം. മണിക്കൂറുകൾക്കുള്ളിൽ മനീഷ് ജയ്സ്വാളിനെ ബിജെപി. ഹസാരിബാഗിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ജയന്തിന്റെ പിതാവ് യശ്വന്ത് സിൻഹ ലോക്സഭയിൽ പ്രതിനിധീകരിച്ച മണ്ഡലമാണ് ഹസാരിബാഗ്. 2009-ൽ യശ്വന്ത് സിൻഹയായിരുന്നു ഇവിടെ വിജയിച്ചത്. 2014-ൽ ഇവിടെ വിജയിച്ച ജയന്ത്, 2019-ലും വിജയം ആവർത്തിച്ചു. നരേന്ദ്ര മോദി സർക്കാരിൽ ധനകാര്യ, വ്യോമയാന സഹമന്ത്രി സ്ഥാനങ്ങൾ ജയന്ത് സിൻഹ വഹിച്ചിരുന്നു. സിറ്റിങ് സീറ്റിൽ ജയന്തിനെ മത്സരിപ്പിച്ചാൽ തിരിച്ചടി നേരിടുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റിയതെന്നാണ് വിവരം.