ബെംഗളൂരു: കാമുകിയെ കാണാൻ അർധരാത്രി വീട്ടിലെത്തിയ 20കാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് പെൺകുട്ടിയുടെ പിതാവ്. കർണാടകയിലാണ് സംഭവം. പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. യുവാവ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.

പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധമറിഞ്ഞ പിതാവ് പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി. രക്ഷിക്കണമെന്ന് പെൺകുട്ടി യുവാവിനോട് ആവശ്യപ്പെട്ടു. അർധരാത്രി എത്തി രക്ഷിക്കണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. തുടർന്ന് യുവാവ് രാത്രിയിൽ മുകളിലത്തെ നിലയിലുള്ള പെൺകുട്ടിയുടെ മുറിയിലേക്ക് കയറാൻ ശ്രമിക്കവെയാണ് തിളച്ച വെള്ളം പിതാവ് ശരീരത്തിലൊഴിക്കുന്നത്.

ഇവരുടെ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഇത് സംബന്ധിച്ച് പെൺകുട്ടിയും പിതാവും തമ്മിൽ നിരവധി തവണ വാക്കേറ്റമുണ്ടായി. പിതാവ് നേരത്തെ യുവാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു.