റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഗണ്ഡേ മണ്ഡലത്തിൽ നിന്നാണ് കൽപ്പന തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കർ രബീന്ദ്ര നാഥ് മഹ്‌തോ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ചംപായ് സോറനും മറ്റ് ജെ.എം.എം നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

27,149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ദിലീപ് കുമാർ വർമയെ പരാജയപ്പെടുത്തിയാണ് കൽപ്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജെ.എം.എം എംഎ‍ൽഎ സർഫറാസ് അഹമ്മദിന്റെ രാജിയെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മെയ് 20നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ത്യ സഖ്യ റാലികളിൽ ഝാർഖണ്ഡിലെ പ്രധാന സാന്നിധ്യമായിരുന്നു കൽപന. ഹേമന്ത് സോറന്റെ അറസ്റ്റോടെ കൽപന നേതൃസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് അദ്ദേഹം തന്റെ സ്ഥാനം രാജിവെച്ചു.