ന്യൂഡൽഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മൂന്നാം മോദി മന്ത്രിസഭയിൽ ഒരു മുസ്ലിം പോലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. പ്രാദേശിക സഖ്യകക്ഷികൾക്കും പ്രബല പാർട്ടിക്കുമിടയിൽ ബ്യൂറോക്രസിയിൽ ജനസംഖ്യയുടെ 14 ശതമാനത്തെ പ്രതിനിധീകരിക്കാൻ ഇടം കണ്ടെത്താമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

'72 അംഗ മന്ത്രിമാരുടെ കൗൺസിലിൽ എല്ലാ ജാതിയിൽ നിന്നും സമുദായത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിപുലമായ പ്രാതിനിധ്യമുണ്ട്. ഏഴ് മുൻ മുഖ്യമന്ത്രിമാരുള്ളത് അനുഭവ സമ്പത്തും നൽകുന്നുണ്ട്. പക്ഷേ ഒരു കാര്യം മാത്രം കാണുന്നില്ല: മന്ത്രിപ്പട്ടികയിൽ ഒരു മുസ്ലിം പോലും ഇല്ല. ഒരാൾ പോലും ഇല്ല. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ മുസ്ലിംകൾ രാഷ്ട്രീയമായി അദൃശ്യരാക്കപ്പെട്ടു എന്നതാണ് സത്യം. പ്രാദേശിക സഖ്യകക്ഷികൾക്കും പ്രബല പാർട്ടിക്കും ഇടയിൽ ബ്യൂറോക്രസിയിൽ ജനസംഖ്യയുടെ 14 ശതമാനത്തെ പ്രതിനിധീകരിക്കാൻ ഇടം കണ്ടെത്താമായിരുന്നു' -രാജ്ദീപ് സർദേശായി എഴുതി.

മൂന്നാം മോദി മന്ത്രിസഭ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് അധികാരമേറ്റത്. ആദ്യമായാണ് മുസ്ലിം സമുദായത്തെ പൂർണമായി ഒഴിവാക്കി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്.