- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തു; മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തി സംഗീതപരിപാടിക്ക് പോയി; 15കാരന്‍ അറസ്റ്റില്‍
ലഖ്നൗ: കാമുകിയെ വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിന്റെ പകയില്‍ മാതാപിതാക്കളെയും സഹോദരനെയും കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇളയ മകനായ പതിനഞ്ചുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നും കാമുകിയെ വിവാഹം കഴിച്ച് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നുമാണ് 15-കാരന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, മാതാപിതാക്കളും സഹോദരനും ഇതിനെ എതിര്‍ത്തു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും 15-കാരന്‍ വെളിപ്പെടുത്തി.
ജൂലായ് ഏഴാം തീയതി അര്‍ധരാത്രിയാണ് നന്ദ്ഗഞ്ച് സ്വദേശികളായ മുന്‍ഷി ബിന്ദ്(45) ഭാര്യ ദേവാന്ദി ബിന്ദ്(40) മൂത്തമകന്‍ റാം ആഷിശ് ബിന്ദ്(20) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൂവരുടെയും മൃതദേഹം. ഗ്രാമത്തിലെ സംഗീതപരിപാടി കഴിഞ്ഞ് താന്‍ വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നായിരുന്നു മുന്‍ഷി ബിന്ദിന്റെ ഇളയമകനായ 15-കാരന്റെ മൊഴി.
ഇതിനിടെ സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ഷി ബിന്ദിന്റെ സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശവാസികളായ നിരവധിപേരെ ചോദ്യംചെയ്തിട്ടും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് സാഹചര്യത്തെളിവുകളടക്കം അടിസ്ഥാനമാക്കിയാണ് 15-കാരനിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ 15-കാരന്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതി മൂവരെയും കഴുത്തറത്ത് കൊലപ്പെടുത്തിയത്. മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ചിരുന്നു. ഇതിനായി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന 'ഖുര്‍പ' എന്ന ആയുധം കൈക്കലാക്കി. ദിവസങ്ങളോളം ഇതിന്റെ മൂര്‍ച്ച കൂട്ടി കൃത്യം നടത്താനായി കാത്തിരുന്നു. ഒരുദിവസം കൊലപാതകശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്ന് ജൂലായ് ഏഴിന് രാത്രി അവസരം കിട്ടിയപ്പോള്‍ കൃത്യം നടത്തുകയായിരുന്നുവെന്നും 15-കാരന്‍ മൊഴി നല്‍കി.
സംഭവദിവസം രാത്രി സഹോദരനും പ്രതിയും ഒരുവിവാഹചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി 11 മണിയോടെ ഇരുവരും വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് എല്ലാവരും ഉറങ്ങിയതോടെ പ്രതി മദ്യപിച്ചു. ശേഷം ആയുധവുമായെത്തി ആദ്യം പിതാവിനെയും പിന്നാലെ മാതാവിനെയും ആക്രമിച്ചു. ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സഹോദരനെയും സമാനരീതിയില്‍ ആക്രമിച്ചു. കൃത്യത്തിന് ശേഷം ആയുധം സമീപത്തെ കൃഷിയിടത്തില്‍ ഒളിപ്പിച്ചു. ഇതിനുപിന്നാലെ പ്രതി വീണ്ടും സംഗീതപരിപാടി കാണാന്‍ പോയതായും പോലീസ് പറഞ്ഞു.
അര്‍ധരാത്രി ഒരുമണിയോടെയാണ് 15-കാരന്‍ മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് സംഗീതപരിപാടി കാണാന്‍ പോയ പ്രതി 1.45-ഓടെ തിരികെയെത്തി. ഇതിനുശേഷമാണ് അയല്‍ക്കാരെ വിളിച്ചുകൂട്ടി വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.