- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാസർകോട് വിഷം കഴിച്ചു 16കാരി മരിച്ചു, യുവാവ് അറസ്റ്റിൽ
ബദിയടുക്ക: യുവാവ് ശല്യപ്പെടുത്തിയതിനെ തുടർന്ന് 16കാരി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. ഈ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
യുവാവ് ശല്യം ചെയ്തതിനെ തുടർന്ന് എലി വിഷം കഴിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പരാതി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാൽ കോട്ടക്കുന്ന് സ്വദേശി അൻവർ (24) നേരത്തേ അറസ്റ്റിലായിരുന്നു. വിദ്യാർത്ഥിനിയുടെ മരണമൊഴി അനുസരിച്ച് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അൻവറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ അൻവറിനെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ, പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ചികിത്സയിലിരിക്കെ മജിസ്ട്രേട്ടിനും പൊലീസിനും അൻവറിനെതിരെ മൊഴി നൽകിയതോടെയാണ് കേസെടുത്തത്.
അൻവറും ബദിയടുക്ക സ്വദേശിനിയായ പതിനാറുകാരിയും തമ്മിൽ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. അൻവറിനെയും ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ശ്രമിച്ചിരുന്നു. എന്നാൽ, തുടർന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം സ്കൂൾവിട്ടു വരുന്ന വഴി പെൺകുട്ടിയെ തടഞ്ഞുനിർത്തിയ അൻവർ, ബന്ധത്തിൽനിന്ന് പിന്മാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ വിഷം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.