- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു;
ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടനിലയിലുള്ള പത്തോളം പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് ( ജവഹർ ലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ) മാറ്റി.
കരുണാപുരത്തെ ഒരു അനധികൃത മദ്യ കച്ചവടക്കാരന്റെ പക്കൽ നിന്നാണ് ദിവസവേതന തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും വ്യാജമദ്യം വാങ്ങി കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് ഇവരെല്ലാം മദ്യം കഴിച്ചത്. പലർക്കും ശ്വാസമുട്ടലും, മങ്ങിയ കാഴ്ചയും, തലകറക്കവും, ഛർദ്ദിയും അനുഭവപ്പെട്ടു. സുരേഷ്( 40), പ്രവീൺ (29) ശേഖർ(59) എന്നിവർ വീടുകളിൽ തന്നെ മരണമടഞ്ഞു.
അബോധാവസ്ഥയിലായ 9 പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്‌മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ല കളക്്ടർ ശ്രാവൺ കുമാർ ജടാവത് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. നടന്നത് വ്യാജ മദ്യദുരന്തമാണോയെന്നു ജില്ലാ കലക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്നയാളല്ലെന്നും മരിച്ച മറ്റു രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണു മരിച്ചതെന്നുമാണ് ജില്ലാ കലക്ടർ ശ്രാവൺ കുമാർ ജടാവത്ത് അറിയിച്ചത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
എന്നാൽ ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജടാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. വ്യാജമദ്യം ഉണ്ടാക്കുന്നവരുമായി ഡി.എം.കെ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. എക്സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലെ ആവശ്യപ്പെട്ടു.