മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരൻ മരിച്ചു.പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.വ്യാഴാഴ്‌ച്ചയാണ് ആദിദേവിന് വെട്ടേറ്റത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ചാണ് രണ്ടുപേർക്കും വെട്ടേറ്റത്. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് ആക്രമിച്ചത്.

ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ഇതിനെ തുടർന്നു പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കവും വ്യക്തി വിരോധവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്.കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ഇരുവരെയും നാട്ടുകാർ മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മേപ്പാടി എസ്‌ഐ. വി.പി. സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിക്കെതിരെ നിലവിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി റിമാന്റിലാണ്.