- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷായമുണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും കണ്ടെടുത്തു; ഈ പൊടി തന്നെയാണോ കഷായത്തിന് ഉപയോഗിച്ചതെന്നറിയാൻ ഫൊറൻസിക് പരിശോധന; നിർണായക തെളിവുകൾ കണ്ടെടുത്ത് ഗ്രീഷ്മയുടെ വീട്ടിലെ പരിശോധന; വീടിന്റെ പൂട്ട് തകർത്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി
പാറശാല: പാറശ്ശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണസംഘം.പ്രതി ഗ്രീഷ്മയുടെ വീട്ടിൽനിന്നാണ് സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചത്.കഷായമുണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിൽ കണ്ടെടുത്തു.എന്നാൽ കണ്ടെടുത്ത പൊടി തന്നെയാണോ കഷായത്തിന് ഉപയോഗിച്ചതെന്നു ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ അറിയാനാകു.
പലതവണ ഷാരോണിനെ ജൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു.നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയിൽനിന്നു കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മാനവനെയും അമ്മയെയും എത്തിച്ചുള്ള തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്.ഇതിന് പുറമെ പൊലീസ് സീൽ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത സംഭവത്തിലും അന്വേഷണം തുടരുകയാണ്.
പ്രതികളെ എത്തിച്ചു തെളിവെടുപ്പു നടത്താനായി ദിവസങ്ങൾക്ക് മുൻപ് പൊലീസ് സീൽ ചെയ്ത തമിഴ്‌നാട്ടിലെ രാമവർമൻ ചിറയിലുള്ള വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് ആണു പൊളിച്ചതായി കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ വീട്ടിൽ തെളിവെടുപ്പിനു എത്തിച്ചപ്പോഴാണ് തമിഴ്‌നാട് പൊലീസ്, പളുകൽ വില്ലേജ് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് അധികൃതർ വീടിന്റെ പിൻവശത്തെ ഒന്നും മുൻഭാഗത്തെ രണ്ട് ഗേറ്റുകളും സീൽ ചെയ്തത്.
ഗ്രീഷ്മ കുറ്റ സമ്മതം നടത്തിയ 30ന് രാത്രി വീടിനു നേർക്ക് ഉണ്ടായ കല്ലേറിൽ 2 ജനൽ ചില്ലുകൾ തകർന്നിരുന്നു. ഗ്രീഷ്മ ഷാരോണിനു വിഷം ചേർത്ത കഷായം നൽകിയത് വീടിനുള്ളിൽ ആയതിനാൽ വിഷം ചേർക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, കഷായം നിർമ്മിച്ച പൊടി അടക്കം പ്രധാന തെളിവുകൾ കണ്ടെടുക്കുന്നതിനു മുൻപ് വീടിന്റെ പൂട്ട് തകർത്തതു തെളിവ് നശിപ്പിക്കാനോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. വീട്ടിൽനിന്ന് എന്തെങ്കിലും കളവ് പോയിട്ടുണ്ടോയെന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല.സംഭവത്തിൽ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം നടത്തും.
അതിനിടെ കേസിന്റെ അന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏൽപ്പിക്കണമോയെന്നത് സംബന്ധിച്ച നിയമോപദേശം അഡ്വക്കറ്റ് ജനറൽ (എജി) നാളെ കൈമാറിയേക്കും. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻ ചിറ തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണു ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണു കഷായം നൽകിയത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസാണ്. ഗ്രീഷ്മയുമായി രാമവർമൻചിറയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിലടക്കം ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് പൊലീസ് സീൽചെയ്ത വീടിന്റെ പൂട്ട് തകർത്തനിലയിൽ കണ്ടത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുമായി പൊലീസ് സംഘം നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിന് കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പിയും ഇതിന്റെ ലേബലും തെളിവെടുപ്പിൽ കണ്ടെടുത്തു. എന്നാൽ ഗ്രീഷ്മ ഇല്ലാത്തതിനാൽ വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല. തുടർന്ന് വീട് സീൽ ചെയ്ത് ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു. ഷാരോൺ കൊലക്കേസിലെ മൂന്ന് പ്രതികൾക്കുമായി കഴിഞ്ഞദിവസം കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കസ്റ്റഡി അപേക്ഷ ലഭിച്ചതിനാലും അന്വേഷണം പുരോഗമിക്കുന്നതിനാലും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധുവിനും നിർമൽകുമാറിനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നായിരുന്നു ജാമ്യഹർജിയിലെ വാദം. തെളിവുകളില്ലാത്ത കേസിൽ ഗ്രീഷ്മയെ പ്രതിയാക്കി മാനസികമായി പീഡിപ്പിക്കുകയാണെന്നും സംഭവത്തിൽ പാറശ്ശാല പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ ഗവൺമെന്റ് പ്ലീഡർ നൽകിയ നിയമോപദേശത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാൽ, കേരള പൊലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയിൽ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടർന്നാണ് വീണ്ടും നിയമോപദേശം തേടാൻ തീരുമാനിച്ചത്.
കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഷാരോൺ മരിച്ചത് മെഡിക്കൽ കോളേജിൽവച്ചാണെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് പാറശ്ശാല പൊലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താൽ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക.
മറുനാടന് മലയാളി ബ്യൂറോ