കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി എ.അബ്ദുൽ സത്താറിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിന് വിദേശങ്ങളിൽ നിന്നു ലഭിച്ച ധനസഹായം, കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമ സംഭവങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് തീരുമാനം എത്തിയത്.

രാജ്യവ്യാപകമായി നടത്തിയ റെയിൽ അറസ്റ്റിലായ പതിനൊന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റിമാൻഡിൽ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിങ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ.ഐ.എ. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എൻ.ഐ.എ കോടതിയിൽ അറിയിച്ചത്.

കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾവഴി തീവ്രവാദ സംഘടനകളിലേക്കു യുവാക്കളെ ചേർത്തതിലും അബ്ദുൽ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ 11 പേരെ എൻഐഎ കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു.

അതേസമയം കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഒളിവിലാണ്. രാജ്യവ്യാപകമായി നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനേയും അതുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളേയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. കേരളത്തിൽ വിവിധ ജില്ലകളിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൊലീസ് സീൽ ചെയ്ത് പൂട്ടി. മലപ്പുറം, വയനാട് ജില്ലകളിൽ പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്തു.