- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൾ വഹാബിന്റെ മകന്റെ അതേ പേരുള്ള യാത്രക്കാരൻ സ്വർണ്ണവുമായി എത്തുമെന്ന് രഹസ്യ വിവരം; വിമാനം ഇറങ്ങിയപ്പോൾ മുമ്പിലേക്ക് എത്തിയത് രാജ്യസഭാ എംപിയുടെ മകൻ; അച്ഛന്റെ രാഷ്ട്രീയവും പദവിയും ബിസിനസ്സുമെല്ലാം മകൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിന്നോക്കം പോയില്ല; ഇൻഡസ് മോട്ടോഴ്സ് ഉടമയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ച് കസ്റ്റംസ്; കരിപ്പൂരിൽ കേന്ദ്ര ഏജൻസിയെ പറ്റിച്ചത് ആര്?
തിരുവനന്തപുരം: രാജ്യസഭാ എംപിയും വ്യവസായിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൾ വഹാബ് എംപിയുടെ മകനെ രാജ്യാന്തര വിമാനത്താവളത്തിൽ വിവസ്ത്രനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് വിവാദമാകുന്നു. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും, മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധനയും നടത്തി. തുടർന്ന് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. കള്ളക്കടത്തുകാരനെന്ന് തെറ്റിധരിച്ചായിരുന്നു ഇതെല്ലാം.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനു പരാതി നൽകി. എന്നാൽ ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരളപ്പിറവി ദിനത്തിൽ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയതായിരുന്നു അബ്ദുൾ വഹാബ് എംപിയുടെ മകൻ. കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണ്ണ കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് രണ്ടും കൽപ്പിച്ച് പരിശോധിച്ചത്. കോഴിക്കോട്ടെ യാത്രക്കാരനാണെന്ന് തിരിച്ചറിഞ്ഞ് തിരുവനന്തപുരത്ത് ശക്തമായ പരിശോധന നടത്തി.
താൻ എംപിയുടെ മകനാണെന്നും പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരൻ ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുകാരോടു സംസാരിച്ചു. അതിനിടെ സ്വർണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇത്തരം പരിശോധനയ്ക്ക് യാത്രക്കാരന്റെ സമ്മതപത്രമോ മജിസ്ട്രേട്ടിന്റെ അനുമതി വേണമെന്നാണ് ചട്ടം. ഉള്ളിൽ സ്വർണമില്ലെന്നു കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിട്ടയയ്ക്കുകയായിരുന്നു.
വൻ വ്യവസായിയുമാണ് പി. വി. അബ്ദുൽ വഹാബ്. 130കോടിയുടെ ആസ്തിയുള്ള വിദേശ ബിസ്സിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയണ് മുസ്ലിം ലീഗ് നേതാവ്. കേരളത്തിൽ ഇൻഡസ് മോട്ടോഴ്സ് അടക്കം പല സ്ഥാപനങ്ങളും വഹാബിന്റേതായുണ്ട്. ആരോ ഒരാൾ കസ്റ്റംസിന് തെറ്റായ വിവരം നൽകിയതാണെന്നും സൂചനയുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ വഹാബിന്റെ മകനെ പിടികൂടുന്നതും വിവസ്ത്രനാക്കുന്നതും വിട്ടയയ്ക്കുന്നതും.
കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണം കുഴമ്പു രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വരുന്ന രീതിയ സജീവമാണ്. കസ്റ്റംസും കള്ളക്കടത്തുകാരും തമ്മിൽ ഒത്തുകളികൾ നടക്കുന്നുണ്ടെന്ന വിവാദവും സജീവമാണ്. അടുത്ത കാലത്ത് കസ്റ്റംസിനെ മറികടന്ന് പുറത്തെത്തുന്നവരിൽ നിന്ന് കേരളാ പൊലീസ് സ്വർണം പിടിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടെ കടത്തുകാർ തിരുവനന്തപുരം വിമാനത്താവളത്തിൽ സജീവമാകുന്നുവെന്ന സൂചന കിട്ടി. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾ കൂടുതൽ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിന്റെ ഇരയാണ് അബ്ദുൾ വഹാബിന്റേയും മകൻ.
അനുമതി വാങ്ങാതെ എക്സ്റേ പരിശോധന നടത്തിയത് കസ്റ്റംസിന് വന്ന ഗുരുതര വീഴ്ചയാണ്. തിരുവനന്തപുരത്തെ കസ്റ്റംസുകാരുടെ നടപടിയിൽ എംപി പരാതി നൽകിയിട്ടുണ്ട്. അന്വേഷണവും തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ