ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദർശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാം ഹൗസിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരിക്കാൻ തീരുമാനിച്ചതിനുള്ള കാരണങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധർ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു.

കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇതേ കാര്യം പറഞ്ഞുള്ള വീഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ പ്രിയപ്പെട്ടവരാരും മരണത്തിൽ ഉത്തരവാദികളല്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കി.തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ശ്രീധറിന്റെ മരണവും ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വഷണം തുടങ്ങി. രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസിൽ സൂപ്പർസ്റ്റാർ ദർശൻ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിങ് സ്റ്റാർ എന്ന് വിളിപ്പേരുള്ള ദർശൻ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ദർശന്റെ പെൺസുഹൃത്തും സിനിമാതാരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമർശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഒരു സംഘമാളുകളെ ഉപയോഗിച്ച് ദർശൻ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങൾക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ നടൻ ദർശൻ തൂഗുദ്വീപയെയും സംഘത്തെയും ക്രൈം സീൻ പുനഃസൃഷ്ടിക്കാൻ മൈസൂരിലെത്തിക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടന്റെ പേരുകൂടി ഉയർന്നുവന്നിട്ടുണ്ട്. കന്നഡയിലെ പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്.

തിങ്കളാഴ്ച ചിക്കണ്ണയെ പൊലീസ് ഒരു മണിക്കൂർ ചോദ്യം ചെയ്തെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ മാസം ജൂൺ എട്ടിന് രേണുകാസ്വാമിയെ ദർശന്റെ ആരാധകർ പിടിച്ചുകൊണ്ടുവരുമ്പോൾ സൂപ്പർതാരത്തിനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. രേണുകാസ്വാമിയെ മർദിക്കാനായി ഷെഡ്ഡിലേക്ക് കൊണ്ടുപോകുമ്പോൾ ദർശനും ചിക്കണ്ണയും നഗരത്തിലെ പബ്ബിൽ ആഘോഷത്തിലായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഇവിടെ നിന്നും രേണുകാസ്വാമിയെ മർദിച്ച് അവശനാക്കിയിട്ടിരുന്ന ഷെഡ്ഡിലേക്കാണ് ദർശൻ പോയത്. ഇവിടെ നിന്ന് ദർശൻ തിരികെ പബ്ബിലേക്കുതന്നെ പോയി. രേണുകസ്വാമിയെ ഗോഡൗണിൽ പൂട്ടിയിട്ട ശേഷം പ്രതികൾ പബ്ബിൽ തിരിച്ചെത്തി തുടർനടപടികൾ ആലോചിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ദർശനേയും ചിക്കണ്ണയേയും ഈ പബ്ബിലേക്കെത്തിച്ച് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്‌കരിക്കാൻ പൊലീസ് തീരുമാനിച്ചതായും അവർ റിപ്പോർട്ട് ചെയ്തു.

ദർശന്റെ പങ്കാളിയായ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി ചില അശ്ലീല സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ അയച്ചിരുന്നു. ഇത് 47 കാരനായ നടനെ പ്രകോപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജൂൺ എട്ടിന് ഇയാളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു.

19 പേരെയാണ് കേസിൽ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. രേണുകാസ്വാമിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരുന്നു.

മാണ്ഡ്യയിൽ നിന്നുള്ള കേബിൾ തൊഴിലാളിയായ ധനരാജ് എന്ന പുതുതായി അറസ്റ്റിലായ പ്രതിയാണ് പീഡനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മറ്റൊരു പ്രതിയായ നന്ദിഷ് ബംഗളൂരുവിലെ ഒരു ഗോഡൗണിലേക്ക് ധനരാജിനെ വിളിച്ചുവരുത്തി. അവിടെ രേണുകസ്വാമിയെ ഷോക്ക് അടിപ്പിക്കാൻ ഇലക്ട്രിക്കൽ മെഗ്ഗർ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു. ഉപകരണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് 'ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം' എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു.

ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു.

പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.