- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മനോജിന്റെ ആത്മഹത്യയിൽ വില്ലൻ രക്ഷപ്പെട്ടേക്കും
അടൂർ: പത്തനംതിട്ടയിലെ അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് സമ്മർദം മൂലമെന്ന് ആർഡിഒ റിപ്പോർട്ട്. മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ഇനിയും പൊലീസ് ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇതിനിടെയാണ് ആർഡിഒ റിപ്പോർട്ട് എത്തുന്നത്.
മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അടൂരിലെ സിപിഎമ്മിലെ ഏറ്റവും പ്രമുഖനാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാണ്. ഈ നേതാവിന്റെ ഫോൺ വന്ന ശേഷമായിരുന്നു മനോജിന്റെ ആത്മഹത്യ.
സ്ഥലംമാറി കടമ്പനാട്ട് എത്തിയ മനോജ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. മനോജിന്റെ മരണത്തിന് പിന്നാലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മരണം സംബന്ധിച്ച് ആർഡിഒയിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ചത്. വില്ലേജ് ഓഫിസർമാരുടെ പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ടായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. മനോജിന്റെ ആത്മഹത്യയിൽ കുടുംബം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതുകൊണ്ട് ജോലിയിൽ കയറിയ ദിവസം മുതൽ മനോജിനെ ഭരണകക്ഷിയിലെ ചില ആളുകൾ സമ്മർദത്തിലാക്കിയിരുന്നതായി പരാതിയിൽ പറയുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുനൽകിയതായി സഹോദരൻ മധു പറഞ്ഞിരുന്നു.
എന്നാൽ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. അടൂരിലെ സിപിഎം ഉന്നതനെ രക്ഷിക്കാനാണ് ഇത്. വളരെ ഗുരുതരമായ കാര്യങ്ങളാണ് സഹോദരൻ മധു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മനോജിന്റെ മരണം ജോലിസ്ഥലത്തെ സമ്മർദം മൂലമാണെന്നാണ് സഹോദരൻ പറയുന്നത്. ആത്മഹത്യയ്ക്ക് ഒരാഴ്ചമുൻപ് പ്രാദേശിക നേതാക്കൾ പരസ്യമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
ആറന്മുള വില്ലേജ് ഓഫിസിൽ നിന്ന് അടുത്തിടെയാണ് മനോജ് കടമ്പനാട് വില്ലേജ് ഓഫിസറായി എത്തിയത്. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും പണം നൽകാനുള്ള ഒരാൾക്ക് ആ പണം അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നുമുള്ള കുറിപ്പ് പൊലീസിനു ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയിൽ കേസൊതുക്കാനാണ് പൊലീസ് നീക്കം.