കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ കോടതിയിൽ നാടകീയ രംഗങ്ങൾ.പീഡന കേസിലെ മുഖ്യ ആസൂത്രകയും രാജസ്ഥാൻ സ്വദേശിനിയുമായ ഡിംപളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായതാണ് ഇതിന് കാരണം.

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്‌സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്‌സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്‌സലിനെയാണെന്ന് പ്രതിയായ ഡിംപൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്. അങ്ങനെ ആളൂരിന് പകരം അഫ്‌സലിനായി കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്തം. അതിനിടെ ഗുരുതര ആരോപണമാണ് കോടതിയിൽ പൊലീസ് ഉന്നയിക്കുന്നത്.

മോഡലിനെ പീഡിപ്പിച്ചത് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ് പറയുന്നു. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയ്ക്ക് ഒപ്പമാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിങ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.

കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ വാദിച്ചു. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് പരിഗണിച്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോണുകളടക്കം വരും ദിവസങ്ങളിൽ പരിശോധിക്കും. വിവിഐപികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണഅ സൂചന.

കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഡിംപൾ വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയോയെന്ന് സംശയിക്കുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. അവശ നിലയിലായ യുവതിയെ പ്രതികളുടെ വാഹനത്തിൽ കയറ്റിയത് ഡിംപളാണ്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.

ആയുധ നിരോധന നിയമപ്രകാരം 2017 ൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചു കൂടുതൽ പരിശോധന എക്സൈസുമായി ചേർന്ന് പൊലീസ് നടത്തും. നാല് പേർക്ക് പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നു. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്.