കോഴിക്കോട്: മെഡിക്കൽ കോളജിൽ ഡിവൈഎഫ്െഎക്കാരുടെ ക്രൂര മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണി നേരിടേണ്ടി വന്നത്. കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ബിബില ഇന്നും വ്യക്തമാക്കി.

അതേസമയം സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി തള്ളി. പ്രതികകൾക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് വാദിഭാഗം വ്യക്തമാക്കിയതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ ഇക്കഴിഞ്ഞ 13ന് കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മർഖാൻ.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. കോടതിയിൽ എത്തിയ ആളുകളിൽ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹർജിയും ഫയൽ ചെയ്തു.

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326ാം വകുപ്പ് കൂടി ചേർക്കണമെന്നാണ് ആവശ്യം. ഒപ്പം സിസിടിവി ക്യാമറ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങൾ കോടതിയെ ഏൽപ്പിക്കണമെന്നും സ്വകാര്യ ഹർജിയിലൂടെ ആവശ്യപ്പെടുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പുതിയ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്. പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

സെപ്റ്റംബർ നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.