കോഴിക്കോട്: എൻഐടി ക്വാർട്ടേഴ്‌സിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പറയുമ്പോൾ ചർച്ചയാകുന്നത് ഭർത്താവിന്റെ സംശയ രോഗം. കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. അജയകുമാറിന്റെ സംശയമാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണം. മുൻകൂട്ടി പദ്ധതിയിട്ടായിരുന്നു അജയകുമാർ ക്രൂരത കാട്ടിയത്.

സംശയത്തെ തുടർന്ന് ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ, അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ജീവനൊടുക്കും മുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയകുമാർ എത്തിയത്. ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും അജയകുമാർ തലയണവച്ച് ശ്വാസം മുട്ടിച്ചു.

എന്നാൽ അപകടം മണത്ത കുട്ടി, വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയത്. മുറിയിൽ തീയിടുന്ന സമയം അടുക്കള വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകനു ചെറിയ രീതിയിൽ പൊള്ളലേറ്റു. മകനാണ് പരിസരത്തുള്ളവരെ വിവരമറിയിച്ച് വിളിച്ചുകൂട്ടിയത്. അർജിത്ത് എൻഐടി ക്യാംപസിലെ സ്പ്രിങ് വാലി സ്‌കൂൾ വിദ്യാർത്ഥിയാണ്. അജയകുമാർ ലിനി ദമ്പതികൾക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ബി ആർക്കിനു പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്. വീട്ടിലുണ്ടായിരുന്ന മകൾ അഞ്ജന ഇന്നലെ പൂജാ അവധിക്ക് ശേഷം കോളജിലേക്കു മടങ്ങിയിരുന്നു.

അജയകുമാറും ലിനിയും തമ്മിൽ നാളുകളായി കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെയും ഇവർ തമ്മിൽ വഴക്കുണ്ടായി. അതിൽ പ്രകോപിതനായി ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. തുടർന്ന് മണ്ണെണ്ണ് ഒഴിച്ച് തീകൊളുത്തി. മകനെയും ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മകൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചുവെങ്കിലും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ക്യാംപസിൽ തന്നെയുള്ള ജി 29എ എന്ന ക്വാർട്ടേഴസിലാണ് കുടുംബം താമസിച്ചിരുന്നത്.

ഓടിരക്ഷപ്പെടുന്നതിനിടെ മകന് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മകനെ കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.