കണ്ണൂർ: തലശ്ശേരി പാലയാട് കാമ്പസിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ. ധർമടം പൊലീസാണ് അലനെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് ദിവസമായി കോളജ് കാമ്പസിൽ നടക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ പരാതിയും കസ്റ്റഡിയും ഉണ്ടായിരിക്കുന്നത്. അതേസമയം വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വർഷം എസ്.എഫ്.ഐക്കാർ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതിൽ പകവീട്ടുന്നതാണെന്നും അലൻ ആരോപിച്ചു.

ബുധനാഴ്ച രാവിലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗവും അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി ഐക്യമുന്നണിയുമായാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എസ്.എഫ്.ഐക്കാരായ ഒന്നാം വർഷ എൽ.എൽ.ബി. വിദ്യാർത്ഥികളെ അലന്റെ നേതൃത്വത്തിൽ റാഗ് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ ഭാഗമായി അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ധർമടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അലൻ ഷുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർത്ഥികൾക്ക് എതിരേയാണ് റാഗിങ് ആരോപണം ഉയർന്നിട്ടുള്ളത്.

എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അലനും കൂട്ടരും പറയുന്നത്. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാതൊടിയെയും അകാരണമായി മർദിച്ചെന്നാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബിന്റെ ആരോപണം.

കഴിഞ്ഞവർഷം ഒരു വിദ്യാർത്ഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതൽ കേസുകളിൽ ഉൾപ്പെടുത്തി നിലവിൽ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലൻ പറഞ്ഞു.

റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തതുമെന്നാണ് ധർമടം പൊലീസ് നൽകുന്ന വിശദീകരണം. ബുധനാഴ്ച രാവിലെ മുതൽ പാലയാട് കാമ്പസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞാണ് സംഘർഷം. കഴിഞ്ഞ വർഷം നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു.