കോഴിക്കോട്: ഇത് ഏതെങ്കിലും ഉത്തരേന്ത്യൻ പട്ടണത്തിൽ നടക്കുന്ന കഥയല്ല. അഭ്യസ്തവിദ്യരെന്നു അഭിമാനിക്കുന്ന നമുക്കിടയിൽ കഴിഞ്ഞ 30 വർഷമായി നടക്കുന്ന വലിയൊരു ചൂഷണത്തിന്റെ കഥയാണ്. കറി പൗഡർ, ക്ലീനിങ് ദ്രാവകം, സോപ്പുപൊടി തുടങ്ങിയവ ഡയറക്ട് മാർക്കറ്റിങ്ങിലൂടെ വിൽപന നടത്തുന്ന സേവന കറി പൗഡർ എന്ന സ്ഥാപനമാണ് കേരളത്തിൽ ഇത്രയും ഭീതിദമായ ചൂഷണവുമായി കാലങ്ങളായി പ്രവർത്തിക്കുന്നത്.

സേവനക്കു കീഴിൽ ജി പി എൽ (ജർമ്മൻ ഫിസിക്കൽ ലബോറട്ടറി), എച്ച് പി എൽ (ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്) എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ഇവർ ഡയറക്ട് മാർക്കറ്റിങ് നടത്തുന്നത്. എറണാകുളം സ്വദേശിയായ ജോയ് ജോസഫ് എന്ന ആളുടെ നേതൃത്വത്തിലാണ് ഈ ചൂഷണം കാലങ്ങളായി തുടരുന്നത്. മികച്ച കരിയറും അസി. മാനേജർ പദവിയും രണ്ടു മാസത്തിനകം ലഭിക്കുമെന്ന് മോഹിപ്പിച്ച് ഇറക്കിവിടുന്ന ജീവിതങ്ങളുടെ കഥായാണിത്.

നമ്മുടെയെല്ലാം വീട്ടുപടിക്കൽ ഈ കുട്ടികൾ പലപ്പോഴായി എടുത്താൽ പൊങ്ങാത്ത ബാഗുമായി വന്നു നിന്നിട്ടുണ്ടാവുമെന്ന് തീർച്ച. മെലിഞ്ഞൊട്ടി കാറ്റൊന്നു അൽപം ശക്തിയായി വീശിയാൽ വീണേക്കാമെന്ന് നാം ഭയന്നുപോകുന്ന കുട്ടികൾ. ഇവരാരും സേവനയിൽ ജോലിക്കായി എത്തുമ്പോൾ ഇങ്ങനെയായിരുന്നില്ല. സാമ്പത്തികം അധികമില്ലെങ്കിലും നേരാംവണ്ണം ഭക്ഷണം കഴിച്ച് മതാപിതാക്കൾക്കും ഉറ്റവർക്കുമൊപ്പം സുഖമായി ജീവിച്ച കുട്ടികളാണിവർ. അന്ന് ആ കണ്ണുകളിലെല്ലാം സ്വപ്നം പൂത്തിരി കത്തിയിരുന്നു.

സേവനക്കായി കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് കുട്ടികളാണ് ബേഗും തൂക്കി ഇവരുടെ വസ്തുക്കൾ വിൽപന നടത്താൻ രാപകൽ തെണ്ടുന്നത്. രാവിലെ ഇറങ്ങുന്ന കുട്ടികൾക്ക് 20 രൂപ മാത്രമാണ് ഒരു ദിവസത്തെ ഭക്ഷണത്തിനായി അനുവദിക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 19 വയസുള്ള ഒരു സെയിൽസ് പ്രമോട്ടർ വെളിപ്പെടുത്തിയത്. തങ്ങൾ ഡയറക്ട് മാർക്കറ്റിങ് നടത്തുന്നില്ലെന്നും ഏജൻസികളെയാണ് വിതരണം ഏൽപ്പിച്ചിരിക്കുന്നതുമെന്നാണ് ഈ സ്ഥാപന നടത്തിപ്പുകാരുടെ വാദം.

എന്നാൽ അപ്പറയുന്നത് പൂർണമായും കള്ളമാണെന്നാണ് ആറു മാസക്കാലം സേവനക്കായി ബേഗും തൂക്കി വീടുകൾ തോറും കയറിയിറങ്ങി ഭ്രാന്തിന്റെ വക്കിലോളം ചെന്നുമുട്ടി ജീവിതത്തിലേക്കു തിരിച്ചുകയറാൻ സാധിച്ച കോഴിക്കോട് മുക്കം സ്വദേശി അഭിജിത്തിന്റെ സാക്ഷ്യം. ഏതാനും വർഷങ്ങളായി സേവന കറിപൗഡറിന്റെ ചൂഷണത്തിനെതിരേ ഒറ്റയാൾ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കയാണ് അഭിജിത്ത്. ഇതുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇനിയൊരു കുട്ടിയും ഇതിൽവന്നു പെട്ടുപോകാതിരിക്കാൻ ബോധവത്കരണവും അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. കമ്പനി അധികൃതരിൽ നിന്ന് ഭീഷണി നേരിടുന്ന അഭിജിത്തിനെതിരേ സേവന കറി പൗഡറുമായി ബന്ധപ്പെട്ടവർ മൂന്നു കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

ഇരകളെ പിടിക്കുന്നത് പത്ര പരസ്യത്തിലൂടെ

സ്ഥിര നിയമനം, മുൻ പരിചയമോ, വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ല, മാസ ശമ്പളം 15,000 മുതൽ 18,000 വരെ ഒപ്പം കമ്മിഷനും. പരസ്യവാചകം ഇങ്ങനെ നീളും. ഈ പരസ്യക്കെണിയിലാണ് മിക്കവരും ചെന്നുവീഴുന്നത്. ഇരകളാവുന്നവരെ ബ്രെയിൻവാഷ് ചെയ്ത് ഒരുക്കിയെടുക്കാൻ വൻ സംവിധാനം. ഒരിക്കൽ ഈ ചതിക്കുഴിയിൽ ചെന്നു വീണാൽ രക്ഷപ്പെടാനും പ്രയാസം. പത്ര പരസ്യം കണ്ട് അവർ പറയുന്ന സ്ഥാപനത്തിൽ അഭിമുഖത്തിനായി എത്തുന്നതോടെ ചതിയുടെ വല വളരുകയായി.

ആദ്യ ദിനം ജോലികിട്ടിയെന്ന സന്തോഷത്തിൽ തിരിച്ചു വീടുകളിലേക്കു മടങ്ങുമ്പോൾ ഹൃദയം നിറയെ സ്വപ്നങ്ങളുടെ തേരോട്ടമായിരിക്കും. ഇത്രയല്ലെ പഠിച്ചുള്ളൂ, എന്നിട്ടും മികച്ച ഒരു ജോലിയായില്ലേ, ആർക്കെങ്കിലും ഇത്തരത്തിൽ ഒരു ഭാഗ്യമുണ്ടാവുമോ. ആരും കൊതിക്കുന്ന ഒരു ജോലിയിലേക്കല്ലേ വലിയ ബദ്ധിമുട്ടൊന്നുമില്ലാതെ എത്താൻ സാധിച്ചിരിക്കുന്നത്... പണി പാളിയെന്നു ബോധ്യപ്പെടാൻ മാസങ്ങളെടുക്കുമെന്നുമാത്രം.

ജോലിക്കായി ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ വാഹനം നിൽക്കുന്ന ബസ് സ്റ്റോപ്പിലും കവലയിലും കൂട്ടികൊണ്ടുപോകാൻ ഒരാൾ കാത്തുനിൽപ്പുണ്ടാവും. ഓഫീസിലേക്കു നീളുന്ന നാലോ അഞ്ചോ മിനുട്ടിനകം ജോലിക്കു വന്നവന്റെ വിശ്വാസവും സ്നേഹവും പിടിച്ചെടുക്കാൻ അതീവ വിരുതനായ ആളാവും ഇയാൾ. താൻ ആറു മാസമായി, അല്ലെങ്കിൽ മൂന്നു മാസമായി ഇവിടെ എത്തിയിട്ട് മികച്ച സ്ഥാപനമാണ്, പ്രതിമാസം നാൽപത്തിയയ്യായിരം മുതൽ അറുപതിനായിരം വരെ സമ്പാദിക്കാനാവുന്നുണ്ട്. ഇയാളുടേതാണ് ആദ്യ ഘട്ട ബ്രെയിൻവാഷിങ്ങും മോട്ടിവേഷൻ സ്പീച്ചും.

സ്ഥാപനത്തിലേക്കു ചെന്നു കയറുന്നതോടെ കൂടപ്പിറപ്പുകളോടെന്ന പോലുള്ള സ്നേഹപ്രകടനങ്ങൾ, സുഖവിവരാന്വേഷണം. അധികം സമയം കഴിയും മുൻപ് അവിടെയുള്ള ഓരോ പയ്യന്മാരായി വരാൻ തുടങ്ങും പുതിയ ആളെ പരിചയപ്പെടാൻ. പെൺകുട്ടികളും ധാരാളമുണ്ടാവും. വളരെ ചെറിയ കുശലാന്വേഷണങ്ങൾക്ക് ശേഷം അടുത്ത മസ്തിഷ്‌ക പ്രക്ഷാളനം ഇവരുടേതാകും. നേരത്തെ പറഞ്ഞ ആൾ പറഞ്ഞതെല്ലാം ഇവരും ആവർത്തിക്കും.

രണ്ടു മാസമായിട്ടേയുള്ളു... ഒരു ലക്ഷം രൂപയോളം വീട്ടിലേക്കു അയക്കാൻ സാധിച്ചൂവെന്നെല്ലാം കേൾക്കുമ്പോൾ ഈ ജോലി ഗൾഫിലെല്ലാം എത്തിപ്പെട്ടപോലുള്ള ഒന്നാണെന്ന് പാവം ഉദ്യോഗാർഥി വിശ്വസിച്ചുവശാവും. മുൻപ് വന്നവർ ഇത്തരത്തിൽ പുതിയ ആളുകളെ ബ്രെയിൻവാഷ് ചെയ്യാൻ കാരണം മറ്റൊന്നുമല്ല. പുതിയ ആൾ വന്നാലെ തനിക്കു പ്രൊമോഷൻ നൽകൂവെന്ന് കമ്പനി അധികൃതർ കൃത്യമായി പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. ആദ്യ ദിനം ജോലിക്കു ചെന്നു കയറുന്ന ആൾ അറിയുകയേയില്ല, താങ്ങാനാവാത്ത ഭാരമുള്ള ബാഗും പേറി പിച്ച തെണ്ടുന്നതിന് സമാനമായ നിലയിൽ സെയിൽസ് പ്രൊമോഷനാണ് തന്നെ കാത്തിരിക്കുന്ന ജോലിയെന്ന്.

പത്ര പരസ്യത്തിൽ ഓഫിസ് ജോലി, മാനേജർ പോസ്റ്റ് എന്നെല്ലാമാണ് വ്യക്തമാക്കിയിട്ടുണ്ടാവുക. ആദ്യ ദിനം ചെല്ലുന്ന ആൾക്ക് ബാഗോ, തൂക്കിപ്പിടിച്ച് കിതച്ചുവരുന്ന യുവാക്കളെയോ ഒരിടത്തും കാണാനാവില്ല. കാരണം മറ്റൊന്നുമല്ല, പുതിയ ആൾ ജോയിൻ ചെയ്യാൻ വരുന്ന അവസരത്തിൽ ഫീൽഡിലേക്കു പോകുന്നവരും വരുന്നവരുമെല്ലാം സ്ഥാപനങ്ങളുടെ പിന്നിലൂടെ പ്രത്യേകം സജ്ജമാക്കിയ വഴികളിലൂടെയാണ് വന്നുകയറുക. ഓഫീസായി പ്രവർത്തിക്കുന്ന ഇത്തരം ശാഖകളെല്ലാം മിക്കപ്പോഴും മുഖ്യ റോഡിൽനിന്ന് അൽപം അകലേക്കു മാറിയുള്ള വാടക വീടുകളിലായിരിക്കും. ഇവിടെ ബോർഡോ അതുപോലുള്ള തിരിച്ചറിയാവുന്ന മറ്റുവല്ലതുമോ കാണാനാവില്ല.

വീട്ടിൽനിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഒരു മാസത്തേക്കുള്ള വസ്ത്രവും അനുബന്ധ സാധാനങ്ങളുമെല്ലാമായി ചുമന്നെത്തുന്ന ആൺകുട്ടിയോ, പെൺകുട്ടിയോ പലപ്പോഴും തൊട്ടടുത്ത ദിവസം തന്നെ തങ്ങളുടെ ജോലിയുടെ അവസ്ഥ അനുഭവിച്ചറിയാൻ തുടങ്ങും. രാത്രിയിലെ കിടത്തം മുതൽ അത് ആരംഭിക്കുകയായി. മൂന്നോ, നാലോ ബെഡ്റൂമുകളുള്ള വാടക വീടുകളിൽ ഇരുപതും മുപ്പതും പേരെ വീതം നിലത്ത് പായ വിരിച്ചു കിടത്തുന്ന സംവിധാനമാണുള്ളത്.

ജോലി കഴിഞ്ഞു തിരിച്ചെത്തിയാൽ ഉറങ്ങുന്നതുവരെ അടുത്തു കിടക്കുന്ന ആൾ മോട്ടിവേഷൻ സ്പീച്ച് നടത്തിക്കൊണ്ടേയിരിക്കും മോട്ടിവേഷൻ ക്ലാസ്. ഇത് അവസാനിച്ചു ഉറങ്ങാൻ തുടങ്ങുമ്പോൾ അർധരാത്രി കഴിയും. അതായത് 24X7 എന്ന അനുപാതത്തിൽ മോട്ടിവേഷൻ ക്ലാസ് തുടർന്നുകൊണ്ടേയിരിക്കും. ഒന്നോ രണ്ടോ ടോയിലറ്റുകൾ മാത്രമുള്ള ഇത്തരം വീടുകളിൽ കുട്ടികൾ നേരം പുലരുന്നതിന് മുൻപ് എഴുന്നേറ്റുവേണം ക്യൂ നിന്ന് പ്രഭാതകൃത്യങ്ങൾ നിർവഹിക്കാൻ.

ഇത്രയും കാലമായി ഇത്തരത്തിൽ ഒരു ചൂഷണം കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം അരങ്ങേറുന്നുണ്ടെങ്കിലും ആരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നതാണ് വസ്തുത. മറ്റൊന്നും കൊണ്ടല്ല, തങ്ങൾക്ക് ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങളുടെ പട്ടികയിൽ വീണ് പ്രതികരിക്കാൻ പോലുമാവാത്ത അവസ്ഥയിലാണ് ഈ കുട്ടികൾ ചെന്നുപെടുന്നത്. സംസ്ഥാനത്തെ നിയമ സംവിധാനങ്ങളോ, സർക്കാരോ, സന്നദ്ധ സംഘടനകളോ ഒന്നും ഈ വിഷയത്തെ വേണ്ട രീതിയിൽ പഠിച്ചിട്ടുമില്ല. എവിടെയും തങ്ങളുടേതായ ഒന്നും പരമാവധി അവശേഷിപ്പിക്കാതെ അതിവിദഗ്ധമായ നടക്കുന്ന പ്രവർത്തനമായതിനാൽ നിയമപാലകരുടെ പിടിയിലും ഇവരൊന്നും വന്നുചാടുന്നുമില്ല. ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ട് കുട്ടികള ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് അഭിജിത്ത് അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.