വൈപ്പിൻ: മാങ്ങാ മോഷണത്തിലെ അനാസ്ഥ ഈ മോഷണ കേസിലുണ്ടായില്ല. അതുകൊണ്ട് മാത്രം അറസ്റ്റു നടന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സിവിൽ പൊലീസ് ഓഫിസർ അറസ്റ്റിലാകുമ്പോൾ പൊലീസിന് അത് മറ്റൊരു നാണക്കേടാണ്. മാങ്ങാ മോഷണം നടത്തിയ പൊലീസുകാരനെ പരാതിയില്ലാത്തതിനാൽ ഇനി അറസ്റ്റു ചെയ്യാനാകില്ല. എന്നാൽ ഇയാൾ സസ്‌പെൻഷനിലാണ്. ഇതിനൊപ്പമാണ് കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും അടിച്ചു അവശരാക്കി കള്ളകേസിൽ കുടുക്കിയ പൊലീസ്.

ഏതായാലും മോഷണ കേസിലെ പ്രതി അറസ്റ്റിലായി. എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ കൈതവളപ്പിൽ അമൽദേവ് കെ.സതീശനാണ് (35) പിടിയിലായത്. അരൂർ സ്വദേശിയായ അമൽ ഞാറയ്ക്കൽ പെരുമ്പിള്ളിയിൽ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. അയൽവാസി കൂടിയായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ 13ന് സ്വർണം കവർന്നതായാണ് കേസ്.

സുഹൃത്തിന്റെ ഭാര്യയുടെ ആഭരണങ്ങൾ മുറിക്കുള്ളിലെ അലമാരയിൽ ബാഗിൽ ആയിരുന്നു. മോഷണം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സുഹൃത്തിന്റെ ഭാര്യ കുടുംബവീട്ടിൽ നിന്ന് 16ന് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. പുറത്തു നിന്നു വീട്ടിൽ എത്തിയിരുന്ന ആൾ എന്ന നിലയിൽ അമലിനെ സംശയിക്കുകയും പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഞാറയ്ക്കൽ ഇൻസ്‌പെക്ടർ രാജൻ കെ.അരമന നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് എറണാകുളത്തും ഞാറയ്ക്കലിലുമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും ചിലത് വിൽപന നടത്തുകയും ചെയ്തു. ഇവയെല്ലാം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. ഓൺലൈൻ റമ്മി കളി വഴി പ്രതിക്ക് 30 ലക്ഷത്തോളം രൂപയുടെ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു. ഇതു കാരണമാണേ്രത മോഷണം നടത്തേണ്ടി വന്നത്. ഏതായാലും കള്ളക്കേസ് എടുക്കുന്നവർക്കൊപ്പം മോഷണ കേസ് പ്രതികളും പൊലീസിന് നാണക്കേടാകുന്നു.

പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അമൽദേവ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഓൺലൈൻ റമ്മികളിക്ക് അടിമയാണ് അമൽദേവ്. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടങ്ങളാണ് ഇയാൾക്ക് ഉണ്ടായത്. ഇതോടെ കടം തീർക്കാൻ വേണ്ടി മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്വർണം കവർന്ന ശേഷം ഇത് വിവിധ കടകളിൽ കൊണ്ടുപോയി വിറ്റു.

സ്ഥിരമായി സുഹൃത്തിന്റെ വീട്ടിൽ വരുമായിരുന്ന ഇദ്ദേഹം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു. സുഹൃത്തിന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് മോഷ്ടിച്ചത്. മരുമകൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ മോഷണവിവരം അറിഞ്ഞിരുന്നില്ല. മരുമകൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി.

ഈ ദിവസങ്ങളിൽ വീട്ടിൽ വന്നവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് സംശയം പൊലീസുകാരനിലേക്കു നീണ്ടത്. റമ്മി ബാധ്യത തീർക്കാൻ മറ്റൊരാളോടു പണം കടം ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് മോഷണമെന്നാണു നിഗമനം. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ കൊണ്ടുപിടിച്ചുള്ള ശ്രമം നടക്കുന്നുണ്ട്.

മുൻപ് സിറ്റി എ.ആർ ക്യാമ്പിൽ നിന്ന് 75,000 രൂപ നഷ്ടപ്പെട്ട കേസിലും ഇയാൾ ആരോപണ വിധേയനാണ്. ഈ സംഭവത്തിന് പിന്നാലെ ഇയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കൽ ലീവിലായിരുന്നു.