- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചൂഴാറ്റുകോട്ടയിലെ മാഫിയാ ഡോൺ; അമ്പിളിയെന്ന കൊടുംക്രിമിനലിന്റെ കഥ
തിരുവനന്തപുരം: സിനിമയിലെ ഗ്യാങ്‌സ്റ്ററിന് സമാനമാണ് ചൂഴാറ്റുകോട്ട അമ്പിളിയുടെ ക്രിമിനൽ ജീവിതം. എംജി കോളേജിൽ നിന്നും മികച്ച മാർക്കിൽ ബിരുദം നേടിയ സജികുമാർ. എസ് ഐ ലിസ്റ്റിലും സജികുമാർ ഇടം നേടി. എന്നാൽ പൊടുന്നതനെ വന്ന കേസുകൾ സജി കുമാറിനെ ചൂഴാറ്റുകോട്ട അമ്പിളിയാക്കി. ഇതോടെ എസ് ഐ ആകാൻ മോഹിച്ചിറങ്ങിയ സജികുമാർ കുപ്രസിദ്ധ ക്രിമിനലായി. അടവുകൾ പയറ്റി തെളിഞ്ഞത് ഇന്നത്തെ മുംബൈയായ പഴയ ബോംബെയിലും. മലയിൻകീഴിലും പരിസരത്തും മുംബൈ അധോലകത്തിന്റെ ചെറുപതിപ്പ് അമ്പിളി സൃഷ്ടിച്ചു. ഗുണ്ടാ പിരിവുമായി ജീവിതം. ഒറ്റുകാരെ എല്ലാം വകുവരുത്തിയ ഗുണ്ടാ നേതാവ്.
രണ്ടു കൊലപാതകമുൾപ്പെടെ അൻപതോളം കേസുകളിലെ പ്രതിയാണ് അമ്പിളി. വലിയൊരു ഗ്യാങ്ങും കുറച്ചു കാലം മുമ്പ് വരെ അമ്പിളിക്കൊപ്പമുണ്ടായിരുന്നു. എം.ജി. കോളേജിൽനിന്ന് ബിരുദം കഴിഞ്ഞ് എസ്‌ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യ കേസ്. പിന്നീട് ക്രിമിനലായി തുടരാൻ അമ്പിളി തീരുമാനിച്ചു. ചാലയിലെ അക്രമങ്ങളാണ് അമ്പിളിയുടെ എസ് ഐ മോഹത്തെ തകർത്തത്. ഏഴുവർഷത്തോളം ഇയാൾ മുംബൈയിലായിരുന്നു. മടങ്ങിയെത്തി ചാരായം വാറ്റ് തുടങ്ങി. ആരും കടന്നു ചെല്ലാത്ത മുക്കുന്നിമലയിലെ മാഫിയാ രാജാവായി ഇതോടെ അമ്പിളി മാറി. അമ്പിളിയുടെ ശിങ്കിടിയായിരുന്നു മൊട്ട അനി. എന്നാൽ ഇവർ പിന്നീട് തെറ്റി. ഇതിന്റെ പ്രതികാരമായിരുന്നു മൊട്ട അനിയെ വകവരുത്തി തീർത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ നയിക്കുന്ന പ്രധാനിയായി അമ്പിളി മാറി.
മൊട്ട അനി ഒറ്റിയതോടെ ചാരായ വിൽപ്പനയിൽ വലിയ സാമ്പത്തികനഷ്ടമുണ്ടായി. മൊട്ട അനിയെ 2006-ൽ കരമന തളിയലിൽവെച്ച് വെട്ടിക്കൊലപ്പെടുത്തി ചതിക്ക് ചതിയെന്ന സന്ദേശം അമ്പിളി നൽകി.. ഈ കേസിൽ അമ്പിളി ഒന്നാം പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അമ്മയ്‌ക്കൊരുമകൻ സോജുവിന്റെ സഹോദരീഭർത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുൾപ്പെട്ട തങ്കുട്ടൻ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജൻ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാൾ പ്രതിയാണ്.
അമ്പിളിയും അമ്മയ്‌ക്കൊരുമകൻ സോജുവുമായി വലിയ ഭിന്നത തിരുവനന്തപുരത്തെ നടുക്കിയിരുന്നു. സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിൽ 2012 ൽ മൃഗീയമായി നടന്ന കരമന സജി കൊലക്കേസ് നാടിനെ നടുക്കുകയും ചെയ്തു. സോജുവിന്റെ അളിയൻ മൊട്ട അനിയെ 2006 ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തിൽ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബർ 6 ന് രാത്രി തട്ടിക്കൊണ്ടു പോയത്. ഇത് പിന്നീട് കൊലപതാകവുമായി. സജിയെ തടങ്കലിൽ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡിൽ തള്ളിയിരുന്നു.
സോജുവും അമ്പിളിയും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. സോജുവിനെ വകവരുത്താൻ എതിർസംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലിൽ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂർ, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റി. 2012 ലെ കൊലക്ക് രണ്ടാഴ്ച മുൻപു ചൂഴാറ്റുകോട്ടയിലെത്തി എതിർ സംഘാംഗങ്ങൾ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് അന്ന് വെട്ടേറ്റു മരിച്ച സജിയെന്ന സജീവ്.
നഗരാതിർത്തിയായ ചൂഴാറ്റുകോട്ടയിൽ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നു. ജെറ്റ് സന്തോഷിന്റെ കൊലയും ഇതിന്റെ തുടർച്ചയാണ്.
സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ൽ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിർസംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താൻ എതിർ സംഘത്തിലെ തന്നെ റോബിൻ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ൽ തങ്കൂട്ടനെ കൊലപ്പെടുത്തിയതും അതിക്രൂമായിട്ടായിരുന്നു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരൻ മുരുകന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ൽ നടുറോഡിൽ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്.
നഗരാതിർത്തി ഗ്രാമങ്ങളിൽ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന , നെടുങ്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അന്ന് അന്തിയൂർക്കോണത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. എന്നാൽ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വർധിച്ചു. 2011 നവംബറിൽ അമ്പിളിയെ വധിക്കാൻപോകുന്നതിനിടെ സോജു ഉൾപ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന സോജു ജയിൽമോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്.
അമ്പിളിക്കെതിരെ 2001-ൽ കവർച്ച നടത്തിയതിന് നേമം സ്റ്റേഷനിൽ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്‌നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികൾ സജീവമായിരുന്നപ്പോൾ ചാരായ വിൽപ്പന നിർത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് അസുഖബാധിതനായതോടെ അക്രമങ്ങളിൽനിന്നു മാറിനിൽക്കുന്ന അമ്പിളിയെയാണ് നാട്ടുകാർ കണ്ടിരുന്നത്. എന്നാൽ, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു.
കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്രഷറിലും ദീപുവിന്റെ മലയിൻകീഴിലെ വീട്ടിലും ഇയാൾ സന്ദർശകനായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ജെറ്റ് സന്തോഷ് കൊലക്കേസിൽ അമ്മയ്‌ക്കൊരുമകൻ സോജുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.