- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സഹികെട്ട് അനീഷ്യ കടുംകൈ ചെയ്തു; വില്ലന്മാർ ഇപ്പോഴും പുറത്ത്
കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ടി.എ.ഷാജി അന്വേഷണം നിർണ്ണായകമാകും. എറണാകുളം ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയ്ക്കാണ് അന്വേഷണച്ചുമതല. അതിനിടെ ഡിജിപി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി കൊല്ലത്തെ അഭിഭാഷകർ രംഗത്തുണ്ട്.
വിഷയം ഡയറക്ടർ ഓഫ് പ്രോസിക്യൂഷനാണ് (അഡ്‌മിനിസ്ട്രേഷൻ) ഡി.ജി.പിയുടെ ശ്രദ്ധയിൽപെടുത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അ?ന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് മുൻവിധികളില്ലാതെ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്താനാണ് ഡിജിപിയുടെ നിർദ്ദേശം. പ്രോസിക്യൂഷൻ ഡയറക്ടർ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകണം. മാധ്യമവാർത്തകളും ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥക്ക് കൈമാറണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. കുറ്റാരോപിതരുടെ മൊഴി പോലും പൊലീസിന് എടുക്കാൻ കഴിയുന്നില്ല. ഇതും വിവാദമായിട്ടുണ്ട്.
മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്കുമാറിന്റെ ഭാര്യയായ അനീഷ്യയെ ഞായറാഴ്ച രാവിലെയാണു പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉന്നത ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവരിൽ ചിലരിൽനിന്നു കടുത്ത മാനസിക സമ്മർദം അനീഷ്യ നേരിട്ടുവെന്നു സൂചന നൽകുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. പൊലീസിന് ആത്മഹത്യയ്ക്ക് കാരണക്കാരെ അറസ്റ്റു ചെയ്യാം. അതിനുള്ള തെളിവും പൊതു സമൂഹത്തിലുണ്ട്. എന്നാൽ പ്രതികളെ വെറുതെ വിടുകയാണ് പൊലീസ്. അതിനിടെയാണ് ഡിജിപിയുടെ അന്വേഷണം
അവധിയെടുക്കാതെ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ വിവരാവകാശ നിയമപ്രകാരം കൊല്ലത്തെ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫിസിൽ അപേക്ഷ ലഭിച്ചിരുന്നു. ഇതിനു പിന്നിൽ അനീഷ്യയാണെന്നു ചിലർ സംശയിച്ചു. 'വിവരാവകാശം പിൻവലിക്കണം, ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്' എന്നു ചിലർ ഭീഷണിപ്പെടുത്തിയതും മരിക്കുന്നതിനു തലേദിവസം എപിപിമാരുടെ യോഗത്തിൽ അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സിആർ) പരസ്യപ്പെടുത്തിയതും അവരെ മാനസികമായി തളർത്തിയെന്നാണ് ആരോപണം. ഭീഷണിയും രേഖ പരസ്യപ്പെടുത്തലും ഗുരുതര കുറ്റമാണ്.
കോടതികളിൽ കേസില്ലാത്ത (നോൺ എപിപി ഡേയ്‌സ്) ദിവസം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ ഓഫിസിൽ എത്തി കേസുകൾ പഠിക്കുകയും ഓഫിസ് ജോലികൾ ചെയ്യുകയും വേണമെന്നാണ് ചട്ടം. ഓഫിസിൽ എത്താതെ അടുത്ത ദിവസം എത്തി ചിലർ ഒപ്പിടുന്നത് അനീഷ്യ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചിലർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപണമുണ്ട്. അതിനിടെ അനീഷ്യയുടെ മരണം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ബുധനാഴ്ച ജില്ലയിലെ കോടതി നടപടികൾ ബഹിഷ്‌കരിക്കാനും അഭിഭാഷകർ തീരുമാനിച്ചു.
ചില മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള അഞ്ച് ശബ്ദസന്ദേശങ്ങളാണു പുറത്തായത്. അനീഷ്യയോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റൊരു അഭിഭാഷകൻ വിവരാവകാശനിയമപ്രകാരം ചോദിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ച് സുപ്രധാന ചുമതല വഹിക്കുന്ന ഒരു അഭിഭാഷകൻ അനീഷ്യയെ ഭീഷണിപ്പെടുത്തി.
ഇക്കാര്യം ഉൾപ്പെടെ താൻ നേരിട്ട മോശം അനുഭവങ്ങളെല്ലാം വിശദമായി എഴുതിയ അനീഷ്യയുടെ ഡയറി പൊലീസിനു ലഭിച്ചു. ഈ ഡയറിയിൽ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് എതിരെയും പരാമർശമുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നാണ് ആരോപണം.