ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസോർട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് വിസമ്മതിച്ച് കുടുംബം. കേസിൽ സർക്കാർ നിലപാട് ചോദ്യം ചെയ്തു കൊണ്ടാണ് കുടുംബം രംഗത്തുവന്നത്. സംസ്ഥാന സർക്കാരിന്റെ റിസോർട്ട് പൊളിക്കാനുള്ള നടപടിയെ ചോദ്യം ചെയ്ത കുടുംബം, തെളിവ് നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു.

മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് കേസിലെ ഒന്നാം പ്രതി. ശ്വാസനാളത്തിൽ വെള്ളം കയറിയതാണ് മരണ കാരണമെന്നും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നുമാണ് അങ്കിത ഭണ്ഡാരിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ പോസ്റ്റ്മോർട്ടം വീണ്ടും നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.ഉത്തരാഖണ്ഡ് മുഖ്യമന്തി പുഷ്‌കർ സിങ് ധാമിയുടെ നിർദ്ദേശപ്രകാരമാണ് റിസോർട്ട് ഇടിച്ചു നിരത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ അങ്കിതയുടെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നേരത്തെതന്നെ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തിരുന്നു.

പ്രതികൾ അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു എന്ന് തെളിയിക്കുന്ന വിവരങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഭോഗ്പൂരിലെ റിസോർട്ടിൽ നിന്ന് കഴിഞ്ഞ 18 നാണ് അങ്കിതയെ കാണാതായത്. തുടർന്ന് മൃതദേഹം ഇന്നലെ ചില്ല കനാലിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. സംഭവത്തെതുടർന്ന് വിനോദ് ആര്യയെയും പുൽകിത് ആര്യയുടെ സഹോദരൻ അങ്കിത് ആര്യയെയും ബിജെപിയിൽ നിന്നും പുറത്താക്കിയിരുന്നു.

അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്‌സാപ്പ് ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉറ്റസുഹൃത്തിന് അങ്കിത അയച്ച ചില വാട്‌സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസോർട്ട് ഉടമകൾ തന്നെ വേശ്യാവൃത്തിക്കായി നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളിൽ സൂചിപ്പിച്ചിരുന്നത്.

റിസോർട്ട് ഉടമയും മാനേജർമാരും അതിഥികൾക്ക് താൻ പ്രത്യേകസേവനം നൽകണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തൽ. താൻ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്‌സാപ്പ് ചാറ്റിൽ അങ്കിത പറഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമായതും ഈ വാട്‌സാപ്പ് ചാറ്റുകളാണ്.

അങ്കിതയെ കാണാതായതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ചില്ല പവർഹൗസിനടുത്ത കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുൽകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബിജെപി. നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ.

സംസ്ഥാന സർക്കാരിൽ വഹിച്ചിരുന്ന കാബിനറ്റ് പദവിയിൽനിന്നും വിനോദ് ആര്യയെ നീക്കി. സംസ്ഥാന ഒ.ബി.സി കമ്മിഷന്റെ വൈസ് പ്രസിഡന്റായിരുന്ന അങ്കിത് ആര്യയുടെ സ്ഥാനവും തെറിച്ചിട്ടുണ്ട്.