കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. അനുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ തോട്ടിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ അർദ്ധ നഗ്നയായാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്.

തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. രാവിലെ പുല്ലരിയാൻ എത്തിയ സ്ത്രീയാണ് മൃതദേഹം കാണുന്നത്.കാണാതാകുമ്പോൾ അനു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മൃതദേഹത്തിലില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഒരുവർഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. പ്രജിൽരാജ് (ഇരിങ്ങണ്ണൂർ) ആണ് അനുവിന്റെ ഭർത്താവ്. കൊവിഡാനന്തര രോഗങ്ങളെത്തുടർന്ന് മൂന്നുമാസമായി ഭർത്താവ് അവശനായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിനിടെയിൽ മാതാവിന് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിൽ അനു എത്തിയത്. ഭർത്താവിനെ ആശുപത്രിയിൽ കാണിക്കാനെന്നുപറഞ്ഞായിരുന്നു അനു സ്വന്തം വീട്ടിൽ നിന്ന് പോയത്. എന്നാൽ ഭർതൃവീട്ടിൽ എത്തിയിരുന്നില്ല.

അനു സന്തോഷവതിയായിരുന്നുവെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം പരിശോധന നടത്തിയിരുന്നുവെന്നും അപ്പോൾ മൃതദേഹം കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.