പേരാമ്പ്ര: കോഴിക്കോട് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയുടെ (അനു-26) കൊലപാതകത്തിൽ പ്രതിയെ പിടിക്കാൻ വഴിത്തിരിവായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, അനുവിന്റെ തലയിലും ദേഹത്തും ചെറിയ മുറിവുകളുമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് പൊലീസ് കൊലപാതകമെന്ന് ഉറപ്പിച്ചത്. നാട്ടുകാരുടെ മൊഴി എടുത്തു. ഇതോടെ ബൈക്ക് യാത്രക്കാരൻ സംശയത്തിലായി. പിന്നാലെ കൊടും ക്രിമിനൽ കുടുങ്ങുകയും ചെയ്തു. ബലാത്സംഗവും മോഷണവും 'തൊഴിലാക്കിയ' ക്രിമിനൽ. 55 കേസിൽ പ്രതിയായിട്ടും സൈരവിഹാരം. അതാണ് പ്രതി മുജീബ് റഹ്‌മാനെ കൊലപാതകത്തിൽ നിറയുന്ന സത്യം.

മോഷണവും ബലാത്സംഗ കേസുമടക്കം ഇയാൾക്കെതിരെ ഉണ്ട്. ഇത്രയും വലിയ ക്രിമിനൽ എങ്ങനെ പുറത്തിറങ്ങി നടന്നു എന്നതാണ് ഉയരുന്ന ചോദ്യം. ഒരു കേസിൽ ജാമ്യം കിട്ടുമ്പോൾ ഇനി സമാന കേസിൽ പെടരുതെന്ന് വ്യവസ്ഥയുണ്ടാകും. അതുകൊണ്ട് വീണ്ടും കേസിൽ പെട്ടാൽ പഴയ കേസും റദ്ദാക്കപ്പെടും. പക്ഷേ കൊടുംക്രിമിനാലണെങ്കിൽ കേരളാ പൊലീസ് ഇതൊന്നും ചെയ്യില്ല. മറുനാടനെതിരെ കള്ളക്കേസ് എടുത്ത് കുടുക്കാൻ ശ്രമിച്ചവർക്ക് യഥാർത്ഥ ക്രിമിനലുകൾ പുറത്തിറങ്ങി നടക്കുന്നതിനോട് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അനുവിന്റെ കൊലപാതകം.

മുജീബ് റഹ്‌മാനെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി ആയിരുന്നു. കൊണ്ടോട്ടിയിലെ വീട്ടിൽ വച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്.

പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. . അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്‌മാൻ എത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്.

പ്രതിയുമായുള്ള തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.
മുട്ടോളം മാത്രം വെള്ളമുള്ള അള്ളിയോറ താഴെ തോട്ടിൽ യുവതി മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരുന്നു. കൂടാതെ, അനു മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

യുവതി ധരിച്ച സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, ബ്രേസ് ലറ്റ്, പാദസരം എന്നിവയാണ് നഷ്ടമായത്. ഇത് പ്രതി മോഷ്ടാവ് കൂടിയാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘത്തെ എത്തിച്ചു. ആഭരണങ്ങൾ മോഷ്ടിച്ച് യുവതിയെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ശനിയാഴ്ചയാണ് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയുടെ (അനു-26) മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽ നിന്ന് കയറാമെന്നായിരുന്നു അനു പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 8.30ഓടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങി.

എന്നാൽ, ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തിയത്. ഫോണും ചെരിപ്പുമെല്ലാം തോടരികിൽ ഉണ്ടായിരുന്നു. നേരം വൈകിയതു കാരണം മുളിയങ്ങലിലേക്ക് പോകാൻ യുവതി പ്രതിയുടെ ബൈക്കിൽ കയറുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് ആഭരണങ്ങൾ കവർന്ന് അനുവിനെ മുക്കിക്കൊന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കിൽ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിൽ ഇയാളെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വാളൂർ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു.