തൊടുപുഴ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് ശേഷം ഭർത്താവിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനം എടക്കും. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് ഭർതൃഗൃഹത്തിൽ മരിച്ചത്. 

ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിക്കുന്നത്. തൊടുപുഴയിൽ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭർത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കൾ പറയുന്നതു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ മാത്യൂസിനെ കല്യാണം കഴിക്കൂവെന്ന് നിലപാട് എടുക്കുകയായിരുന്നു അനുഷ.

പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്‌പി മധു ആർ.ബാബുവിനാണ് അന്വേഷണച്ചുമതല. ഭർതൃ വീട്ടുകാരുടെ വാദം തെറ്റാണെന്നാണ് സൂചന.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ് - ഐബി ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ടു മണിയോടെ ഭർത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരണ.

അനുഷയുടെ അച്ഛൻ ഡോക്ടറായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി. പഠന കാലത്ത് തുടക്കത്തിൽ കെ എസ് യുവിലായിരുന്നു മാത്യൂസ്. പിന്നീട് എസ് എഫ് ഐയിലേക്കായി. നിരവധി അടിപടി വഴക്കുകളിൽ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയാണ് വിവാഹത്തിന് അനുഷയുടെ വീട്ടുകാർ എതിരു നിന്നത്.

എന്നാൽ ഒറ്റപിടിയിൽ വിവാഹത്തിലേക്ക് ഐടി ജോലിയുണ്ടായിരുന്ന അനുഷ എത്തിച്ചു. ബാർ അടിച്ചു പൊട്ടിച്ച കേസെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാൻ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും അനുഷ കേട്ടില്ല. അങ്ങനെയായിരുന്നു വിവാഹം നടന്നത്.

എന്നാൽ വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോൾ തന്നെ ഭർത്താവിന്റെ സ്വാഭവത്തിലെ പാളീച്ചകൾ അനുഷ തിരിച്ചറിഞ്ഞു. ഇത് ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. ഇന്നലെ രാത്രിയും ഭർത്താവുമായി പ്രശ്‌നമുണ്ടായി. ഈ നിരാശയിലായിരുന്നു തൂങ്ങിമരണം. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആത്മഹത്യ ചെയ്താൽ ഭർത്താവിനെ പ്രതിയാക്കി കേസെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ എസ് എഫ് ഐ-ഡിവൈഎഫ് ഐ ബന്ധമുള്ള പ്രതിയെ തൊടാൻ പൊലീസിനും കഴിയില്ലെന്നതാണ് വസ്തുത.