മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പാർട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഇയാൾ. 2021-ലെ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്. കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. സിപിഎം പുതുതായി രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച കണ്ണൂരിലെ ക്രിമിനൽ കൂടിയാണ് അർജുൻ ആയങ്കി. ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനാണഅ അർജുൻ.

ഗൾഫിൽനിന്നും നാട്ടിലേക്കു സ്വർണം കടത്താൻ സ്വർണക്കടത്തു സംഘങ്ങൾക്ക് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്നവർ തന്നെ അവസാനം സ്വർണക്കടത്ത് സംഘങ്ങളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് രീതി. സ്വർണം കൊണ്ടുവരുന്ന കാരിയറുമായി രഹസ്യധാരണയുണ്ടാക്കി 'ക്വട്ടേഷൻ സംഘം' വന്നു സ്വർണം തട്ടിയെടുക്കുന്നതായി തിരക്കഥയുണ്ടാക്കി സ്വർണം തട്ടിയെടുത്ത് മുങ്ങി സ്വർണക്കടത്ത് സംഘത്തെ വഞ്ചിക്കും. ഇതാണ് ആയങ്കിയെ അറസ്റ്റിലാക്കുന്ന പുതിയ കേസിന്റെ രത്‌ന ചുരുക്കം. കരിപ്പൂരിൽ ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുന്നതായി വന്ന പരാതികളിൽ പലതും ഇത്തരത്തിലുള്ളതാണെന്നാണു കരിപ്പൂർ പൊലീസിന് ലഭിച്ച വിവരം. ഇന്നലെ കരിപ്പൂരിൽ സ്വർണക്കടത്ത് മാഫിയയെ പറ്റിച്ച് 46ലക്ഷം രൂപയും സ്വർണം മുക്കാൻ ശ്രമിച്ച കാരിയറുടെയും ഇടനിലക്കാരുടേയും നീക്കം പൊലീസ് പൊളിച്ചിരുന്നു. ഇതാണ് ആയങ്കിയെ കുടുക്കുന്നത്.

കരിപ്പൂരിൽ ഒരുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി ഇതരസംസ്ഥാനത്തടക്കം പൊലീസ് എത്തിയിരുന്നു. തുടർന്നാണ് പയ്യന്നൂരിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മർകോയ എന്ന ആളുമായി ചേർന്ന് നടന്ന സ്വർണം പൊട്ടിക്കൽ കേസിലാണ് അറസ്റ്റ്. ദുബായിൽ നിന്നെത്തുന്ന 975 ഗ്രാം സ്വർണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുൻ ആയങ്കി പാർട്ടിയുടെ മറ പിടിച്ച് സ്വർണക്കടത്തും ഗുണ്ടാപ്രവർത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഈയടുത്തായി സോഷ്യൽ മീഡിയയിലൂടെ ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരേ അർജുൻ ആയങ്കി രംഗത്ത് വന്നതോടെ പാർട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടർന്ന് അർജുൻ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താൻ വരെ ശുപർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് പിൻവലിച്ചു.

കരിപ്പൂർ വിമാനത്തവളംവഴി ഒളിപ്പിച്ചു കടത്തിയ സ്വർണം കാരിയറായ യാത്രക്കാരന്റെ അറിവോടെ തട്ടിയെടുക്കാനെത്തിയ സംഘത്തേയും യാത്രക്കാരനെയും കരിപ്പൂർ പൊലീസ് ആഴ്ചകൾക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കൽ മൊയ്തീൻ കോയ(52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ്(32), നിറമരുതൂർ ആലിൻചുവട് പുതിയന്റകത്ത് സുഹൈൽ(36), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കൽ അബ്ദുൾ റൗഫ്(36), യാത്രക്കാരനായ തിരൂർ കാലാട് കവീട്ടിൽ മഹേഷ്(42) എന്നിവരാണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ മഹേഷ് മലദ്വാരത്തിൽ മൂന്നു ക്യാപ്‌സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് 975 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയിരുന്നു. എന്നാൽ ഈ സ്വർണം ഇയാളുടെ അറിവോടെ തന്നെ തട്ടിയെടുക്കാൻ നാൽവർ സംഘം കരിപ്പൂരിലെത്തി. ക്വട്ടേഷൻ സംഘം സ്വർണം തട്ടിയെടുക്കാൻ എത്തുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് നാലുപേരെ വിമാനത്താവള പരിസരത്ത് വച്ചു തന്നെ പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യാത്രക്കാരൻ തന്നെയാണ് തട്ടിക്കൊണ്ടു പോകാൻ ഇവരെ ഏൽപ്പിച്ചതെന്നു കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു കണ്ടെടുത്ത സ്വർണ മിശ്രിതത്തിൽ നിന്നു 885 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. ഇതിന് 46ലക്ഷം രൂപ വിലവരുമെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. കരിപ്പൂർ പൊലീസ് പിടികൂടുന്ന 50 മത്തെ സ്വർണക്കടത്ത് കേസായിരുന്നു ഇത്. അന്ന് തന്നെ ആയങ്കിയുടെ പങ്ക് പൊലീസിന് പിടികിട്ടിയിരുന്നു. ഗൾഫിലുള്ള സ്വർണക്കടത്ത് സംഘത്തിന് കാരിയറാവാൻ മഹേഷിനെ ഏൽപിച്ചതും പിടിയിലായ ഈ സംഘത്തിന്റെ തലവൻ തന്നെയാണ്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുള്ള സംഘം ഗൾഫിൽനിന്നും നാട്ടിലേക്കുവരുന്നവരെ പലപ്പോഴായി കാരിയർമാരായി ഏൽപിക്കാറുണ്ട്. ഇത്തരം കാരിയർമാരിൽ പലർക്കും വിമാനടിക്കറ്റും ചെറിയ തുകയും മാത്രമാണ് നൽകാറുള്ളത്. വിശ്വസിക്കാൻ കഴിയുന്നവരെമാത്രം ഏൽപിക്കാൻ പാടുള്ളുവെന്ന നിബന്ധനയും ഇവർ തമ്മിൽ നേരത്തെയുണ്ടാക്കിയിരുന്നു.

ഇത്തരത്തിൽ കാരിയറെ ഏർപ്പാടാക്കിയ ശേഷം ഈ സംഘം പിന്നീട് കാരിയറുമായി രഹസ്യമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. തനിക്ക് ലഭിക്കുന്നത് വെറും തുച്ഛമായ പണമാണെന്നും നമുക്ക് ഒന്നിച്ച് സ്വർണം തട്ടിയെടുത്ത് വീതംവെക്കാമെന്നും പറയും. ഇതിന് തെയ്യാറായാൽ പിന്നീട് ക്വട്ടേഷൻ സംഘം കരിപ്പൂരിൽവെച്ച് സ്വർണം തട്ടിയെടുക്കുന്ന രീതിയിൽ തിരക്കഥയുണ്ടാക്കി ഇതുപ്രകാരം എല്ലാവരും അഭിനയിച്ചു തകർക്കും. ഇതെ രീതിയിൽ സ്വർണം തട്ടാനുള്ള നീക്കമാണ് ആയങ്കിയെ കുടുക്കിയത്. ഇവരുടെ നീക്കത്തെ കുറിച്ചു കരിപ്പൂർപൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടുവർഷത്തിനു ശേഷമാണ് മഹേഷ് നാട്ടിൽവരുന്നത്.

മഹേഷിനെ കാരിയറാവാൻ നിർബന്ധിപ്പിച്ചതും ഈ സംഘം തന്നെയാണെന്നാണു പൊലീസിന് നൽകിയ മൊഴി. തുടർന്നു ഇവർ പറഞ്ഞ പ്രകാരമുള്ള തിരക്കഥപോലെ ചെയ്യുകയായിരുന്നുവെന്നുമാണ് ചോദ്യംചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. ഈ സംഘം സമാനമായ രീതിയിൽ വേറെയും ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.