തിരുവനന്തപുരം: ബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ക്രൂരമായി മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.79 കാരിക്ക് നേരെയാണ് യുവാവിന്റെ ക്രൂരത. കിളിമാനൂർ,തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസിക്കുന്ന ആർ. അംജിത്തിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 23 ന് പുലർച്ചെ 3.30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രതിരോധിക്കുകയും കുതറി മാറി രക്ഷപ്പെടുകയും ചെയ്ത വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസിൽ പരാതി നൽകി.തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിജിത്ത്.കെ.നായർ, രാജേന്ദ്രൻ, എഎസ്‌ഐ ഷാജു, സീനിയർ സിപിഒ കിരൺ, സിപിഒ പ്രജിത്ത്, വനിതാ സീനിയർ സിപിഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.