തിരുവനന്തപുരം: അരുണാചലിൽ വിചിത്രവിശ്വാസക്കാർക്കൊപ്പം മരണം വരിച്ച ആര്യയ്ക്ക് സാത്താൻസേവക്കാരുമായി ഉണ്ടായിരുന്ന ബന്ധം വീട്ടുകാർക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സൂചനകൾ നൽകി ബന്ധുക്കൾ. അരുണാചലിലെ മരണങ്ങൾക്ക് പിന്നിൽ രഹസ്യം പുറത്തു പോകുമെന്ന സംശയമാണെന്ന വിലയിരുത്തൽ സജീവമാണ്. ആര്യയുടെ വിവാഹവും തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും തിരിച്ചറിഞ്ഞായിരുന്നു മരണം ആസൂത്രണം ചെയ്തതെന്നാണ് സൂചന.

അപകടം മനസിലാക്കിയെങ്കിലും ആര്യയെ സംഘത്തിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അവിവാഹിത ആയിരുന്നതിനാൽ പൊലീസിൽ അറിയിക്കാതെ ആര്യയെ കൗൺസിലിങിന് വിധേയയാക്കുകയായിരുന്നു. ആര്യയുടെ പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണെങ്കിലും ആര്യ അന്തർമുഖയായിരുന്നു. പ്രദേശത്തെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബമായിരുന്നു ആര്യയുടേത്. പുരോഗമന ആശയങ്ങൾ മുറകെ പിടിച്ച കുടുംബം. അച്ഛൻ അനിൽകുമാർ പക്ഷേ കോൺഗ്രസ് നേതാവായിരുന്നു. ക്ഷേത്ര കമ്മറ്റികളിൽ അടക്കം അംഗമായ വ്യക്തി. ലാറ്റക്‌സിലെ മുൻ ജീവനക്കാരനായിരുന്നു അനിൽ കുമാർ.

മകളുടെ സ്വഭാവത്തിലെ മാറ്റം അവർ ശ്രദ്ധിച്ചിരുന്നു. നവീനും ഭാര്യ ദേവിയുമായുള്ള അടുപ്പത്തെ എതിർത്തു. അതിലെ അസ്വാഭാവികതകൾ മനസ്സിലാക്കി തിരുത്തലിന് ശ്രമിച്ചു. ആര്യ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള കാരണം സാത്താൻസേവയുമായുള്ള ബന്ധമാണെന്നും വീട്ടുകാർ മനസിലാക്കി. തുടർന്ന് പഠിപ്പിച്ചിരുന്ന സ്‌കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിനു കൊണ്ടുപോയി. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായുള്ള ആര്യയുടെ അടുപ്പം അവസാനിച്ചു. കാട്ടാക്കടയിലായിരുന്നു ഈ കൗൺസിലിങ് നടന്നതെന്നും സൂചനയുണ്ട്.

ഇതിനിടെ തമിഴ്‌നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ മാറ്റിത്താമസിപ്പിച്ചു. അവിടെവച്ച് മനസ് മാറിയതോടെ ആര്യ കല്യാണത്തിന് സമ്മതിച്ചു. വിവാഹ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. കല്യാണാവശ്യത്തിനുള്ള സ്വർണവും സാരിയുമെല്ലാം ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്. ഇതോടെ വീട്ടുകാർ സന്തോഷത്തിലായി. എന്നാൽ കൂട്ടത്തിൽ നിന്ന് ഒരാൾ വിട്ടുപോകുന്നതറിഞ്ഞതോടെ ആര്യയെ വീണ്ടും ഗൂഢസംഘം ചതിയിൽ വീഴ്‌ത്തി. സംഘത്തിൽ നിന്നും ആര്യ അകലുന്നത് സത്താൻ സേവക്കാർക്ക് ഭയമായിരുന്നു. ഇതേ തുർന്നുള്ള ഗൂഢാലോചനയാണ് മരണമെന്നും സൂചനയുണ്ട്.

നവീനേയും ദേവിയേയും കൊണ്ടു ഇതിനുള്ള പദ്ധതികൾ തയ്യാറാക്കി. അങ്ങനെ മൂവരേയും അരുണാചലിൽ ചിലർ എത്തിച്ചെന്നും സംശയമുണ്ട്. ഇതിന് വേണ്ടി ആര്യയെ വീണ്ടും കെണിയിൽപ്പെടുത്തുകയായിരുന്നു. വീണ്ടും സാത്താൻസേവയുമായി ആര്യ ബന്ധപ്പെട്ടത് വീട്ടുകാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തമാസം 7ന് നടക്കേണ്ടിയിരുന്ന വിവാഹത്തിനു മുന്നേ തന്നെ നവീൻ തന്റെ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയായിരുന്നു എന്ന വിലയിരുത്തലിന് അപ്പുറം ഇവരിൽ നിന്നും രഹസ്യങ്ങൾ പുറത്തു പോകരുതെന്ന് ആരോ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാകാം മരണത്തിന് പിന്നിലെ കാരണമെന്ന സംശയം സജീവമാണ്.

ഇതിന് വേണ്ടി സാത്താൻ സേവയിലെ വിശ്വാസവും കരുത്തുമെല്ലാം ആര്യയേയും ദേവിയേയും ബോധ്യപ്പെടുത്തി നടത്തിയ ജീവനെടുക്കൽ. ഇതിന് പിന്നിലെ വമ്പൻ സംഘത്തെ കണ്ടെത്താൻ പൊലീസിന് തെളിവുകളൊന്നുമില്ല.