തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സത്താൻ സേവയിലേക്ക് അന്വേഷണം നീളില്ലെന്ന് ഉറപ്പായി. അതിനിടെ ആര്യയെ മതം മാറ്റം നടത്തിയിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്. തൽകാലം വിവാദങ്ങളിലേക്ക് പൊലീസ് അന്വേഷണം കൊണ്ടു പോകില്ല. നാലമന് ഇവരുടെ മരണത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ആര്യ അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കൾ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. വട്ടിയൂർക്കാവിലെ മൂന്നാംമൂട്ടിലെ വീട്ടിൽ ആര്യയും ഇവർക്കൊപ്പം താമസിച്ചിരുന്നു. 2022 ൽ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്‌കൂളിൽ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്‌കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നാണ് സൂചന. എന്നാൽ നവീനും ദേവിയും ആര്യയെ പിന്തുടർന്നിരുന്നു. ഇത് വീട്ടുകാർ അറിഞ്ഞില്ല. ഒന്നും ആരും അറിയാതിരിക്കാൻ വേണ്ടിയാണ് ആര്യ വിവാഹത്തിന് സമ്മതിച്ചതെന്നും സൂചനയുണ്ട്.

ഇതെല്ലാം ദേവിയും നവീനും ഒരുക്കിയ തന്ത്രമായിരുന്നു. അതിന് അനുസരിച്ച് കാര്യങ്ങൾ പോയി. 2013 ലാണ് ആര്യ ഡോൺ ബോസ്‌കോ മെയിൽ ഉണ്ടാക്കിയത്. അന്ന് വിശ്വാസങ്ങളെ പിന്തുടർന്നില്ലെന്നും പിന്നീട് നവീനിന്റെ വിശ്വാസങ്ങളിൽ ആകൃഷ്ടയായ ശേഷമാണ് ഈ മെയിൽ വഴി ആശയ വിനിമയം സജീവമായതും പൊലീസ് പറയുന്നു. മൂന്ന് പേർക്കും ഇമെയിൽ പാസ് വേർഡ് അറിയാമായിരുന്നു. ദേവിയുടെ സ്വർണം പണയം വച്ചാണ് ഇവർ അരുണാചൽ യാത്രക്ക് പണം കണ്ടെത്തിയത്. സ്വർണം മുത്തൂറ്റിൽ പണയം വച്ച് 95,000 രൂപ വാങ്ങിയെന്നും ദേവിക്കാണ് പണം നൽകിയതെന്നും പൊലീസ് കണ്ടെത്തി.

വീട്ടിൽ നിന്നും ഇറങ്ങിയ നവീനും ഭാര്യ ദേവിയും കോവളത്താണ് ആദ്യ ദിവസങ്ങളിൽ താമസിച്ചത്. നവീൻ ഇടക്ക് തമിഴ്‌നാട്ടിലേക്ക് പോയി. സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ആര്യ സുഹൃത്തുക്കളെ കണ്ടിരുന്നു. അവസാന നാളുകളിലും മൂവരും സന്തോഷവാന്മാരായിരുന്നു. നവീന്റെ നാഗർകോവിൽ യാത്രയിലും ദുരൂഹതകൾ ഏറെയാണ്. ആര്യ മകളാണെന്ന് വരുത്താൻ മുടി മുറിച്ചിരുന്നു. 5 ജി മനുഷ്യനെ നശിപ്പിക്കുമെന്ന നവീന്റെ കുറിപ്പ് അരുണാചലിലെ ഹോട്ടലിൽ കണ്ടെത്തിയിട്ടുണ്ട്. അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് നവീൻ സാമ്പത്തിക സഹായം നൽകി. ഈ വെബ് സൈറ്റുമായി മലയാളികൾക്ക് പങ്കുണ്ടോ എന്നതും നിർണ്ണായകമാണ്. എന്നാൽ ഈ അന്വേഷണത്തിലേക്ക് പൊലീസ് കടക്കില്ല.

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് ഡോൺ ബോസ്‌കോ എന്ന പേരിൽ സ്വന്തം മെയിലിലേക്കു മെയിലുകൾ അയച്ചിരുന്നത് ആര്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് , ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി, വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനിയും അദ്ധ്യാപികയുമായ ആര്യ എന്നിവരെ ഏപ്രിൽ 2ന് അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡോൺ ബോസ്‌കോ എന്ന പേരിലുള്ള മെയിൽ ഐഡിയിൽനിന്ന് ആര്യ തന്റെ മെയിൽ ഐഡിയിലേക്കു നിരവധി തവണ മെയിൽ അയച്ചിട്ടുണ്ട്. തന്നോടു തന്നെ ആശയവിനിമയം നടത്തുന്ന രീതിയിലാണ് ആര്യ ഇതു ചെയ്തിരിക്കുന്നത്. പത്തു വർഷമായി ഈ മെയിൽ ഐഡി രൂപീകരിച്ചിട്ട്. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ച്, ഡോൺ ബോസ്‌കോ എന്നയാൾ മറ്റൊരാളാണെന്നു കാലക്രമേണ ആര്യ വിശ്വസിച്ചിരിക്കാമെന്നു പൊലീസ് പറയുന്നു. ഡയറിക്കുറിപ്പുകൾ എഴുതുന്നതുപോലെയാണു ഡോൺ ബോസ്‌കോ എന്ന മെയിലിൽനിന്നു തന്റെ മെയിലിലേക്ക് ആര്യ സന്ദേശങ്ങൾ അയച്ചിരുന്നത്. നവീനിനും ദേവിക്കും ഇമെയിൽ ഐഡിയിൽനിന്ന് സന്ദേശം പോയിട്ടില്ല

പത്തുവർഷത്തിൽ അധികമായി ആര്യ, ഡോൺ ബോസ്‌കോ എന്ന പേരിൽ മെയിൽ ഉപയോഗിക്കുന്നുണ്ട്. 2017ൽ ദേവിയെ പരിചയപ്പെട്ടതിനുശേഷമാണ് ആര്യയ്ക്കു സ്വഭാവമാറ്റം ഉണ്ടാകുന്നത്. പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ആര്യയെ 2022ൽ കൗൺസിലിങ്ങിനു വിധേയയാക്കിയിരുന്നു. 2022 ഫെബ്രുവരിയിൽ നവീനും ദേവിയും താമസിക്കുന്ന സ്ഥലത്തുപോയ ആര്യ തിരിച്ചുപോയില്ല. വീട്ടുകാർ നിർബന്ധിച്ചാണു തിരികെ കൊണ്ടുവന്നത്.

മരിച്ച മൂന്നുപേർക്കും മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും മൂന്നുപേരുടെയും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു. ഹോട്ടൽ മുറിയിൽവച്ച് കൈ ഞരമ്പ് മുറിക്കാൻ മൂന്നുപേരും സ്വയം സന്നദ്ധരാകുകയായിരുന്നു. മരണാനന്തര ജീവിതത്തിലേക്കു പോകാനുള്ള ആശയങ്ങൾ വിശദീകരിച്ച് അഞ്ചോളംപേരെ നവീൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ഇവരാരും നവീനൊപ്പം അരുണാചൽ യാത്രയ്ക്കു തയാറായില്ലെന്നതാണ് പൊലീസ് നൽകുന്ന സൂചന.