അടൂർ: ആനന്ദപ്പള്ളി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം ചെയ്തു. ആനന്ദപ്പള്ളി സ്വദേശി ബാബു-മഞ്ജു ദമ്പതികളുടെ മകൻ അരുൺ ബാബുവി(ആസാദ് -28)ന്റെ മൃതദേഹമാണ് കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്തത്.

ബംഗളൂരു ഹസലുരുവിലെ താമസസ്ഥലത്താണ് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹിതനാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. ബംഗളുരൂ സ്വദേശിനിയാണ് അരുണിന്റെ ഭാര്യ. മൃതദേഹത്തിൽ പരുക്കുകൾ ഉണ്ടെന്നും ദുരൂഹത നീക്കാൻ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകൾ വന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നുണ്ട്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അരുൺ ബാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കൊടുമൺ പൊലീസും കേസെടുത്തിട്ടുണ്ട്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് പറയുന്നത്.