- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആര്യകൃഷ്ണയുടെ ആത്മഹത്യയ്ക്ക് കാരണം ആശിഷിന്റെ അത്യാഗ്രഹം
പത്തനംതിട്ട: കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം ആര്യ കൃഷ്ണ (22) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും നിറയുന്നത് സ്ത്രീധന പീഡനം. ആര്യയുടെ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷി(22)നെതിരെ ആര്യയുടെ ബന്ധുക്കൾ രംഗത്തു വന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ആശിഷിന്റെ പ്രേരണ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണു മകൾ ആത്മഹത്യ ചെയ്തതെന്ന് ആര്യയുടെ പിതാവ് അനിൽ കുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ്. മൂന്ന് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
ആശിഷ് 4 സ്ഥാപനങ്ങളിൽ നിന്ന് ആര്യയെക്കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ആര്യ ഇതു നൽകിയില്ല. ഇതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയം വാക്കുതർക്കമുണ്ടായി. ഇതെല്ലാം ആത്മഹത്യയ്ക്ക് കാരണമായി മാറി.
അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോൺ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. അതിനു മുൻപ് ആര്യ അരമണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നൽകിയിരുന്നില്ല. ആശിഷ് ജോലിക്കു പോകാറില്ലെന്നും മദ്യപനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞടക്കം പറഞ്ഞ് ആര്യയെ ആശിഷ് പീഡിപ്പിച്ചിരുന്നു.
വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകളാണ് ആര്യ കൃഷ്ണ. സംഭവസമയം ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശിഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ആശിഷ് റിമാൻഡിലാണ്.