തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണവും പുരോഗമിക്കുന്നു. നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിനോദ് ഗിരീഷ് എന്നീ ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളിൽ കണ്ട കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. കൂടാതെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന തരത്തിലാണെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ ആനാവൂർ നാഗപ്പൻ, ഹരജിക്കാരനായ ജി.എസ് ശ്രീകുമാർ എന്നിവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് കോർപ്പറേഷൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാരേജന്ദ്രന്റെ പേരിലുണ്ടായ കത്ത് വ്യാജമായി തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്. ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതേ സമയം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാൽ ഇത് സാധൂകരിക്കണമെങ്കിൽ കത്തുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനൽ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ഒറിജിനൽ കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാർശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യക്തമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാർശ ചെയ്തുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. ഡി.ആർ അനിലിന്റെ കത്തിന്റെയും ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.

വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ 44 ദിവസമാണ് നൽകിയിരിക്കുന്നത്. പരമാവധി മൊഴിയെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി ഉടൻ ഡിജിപിക്ക് ശുപാർശ നൽകിയാൽ വെട്ടിലാകുക സിപിഎം ആകുമെന്നും നിഗമനമുണ്ട്. അതിനിടെ തുടരന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്. കത്തിന്റെ ഉറവിട അന്വേഷണം സിപിഎം നേതാക്കളേയും വെട്ടിലാക്കിയേക്കും. വ്യാജ കത്ത് ആണെന്ന മേയറുടെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണു ക്രൈംബ്രാഞ്ച് നടപടി.

മനോരമയാണ് മേയറുടെ കത്ത് പുറത്തു വിട്ടത്. അതുകൊണ്ട് തന്നെ വ്യാജമെന്ന് കണ്ടെത്തിയ കത്ത് പുറത്തു വിട്ട ലേഖകനെ ചോദ്യം ചെയ്താൽ പോലും ഇതിലെ സത്യം പുറത്തു വരും. അങ്ങനെ ചെയ്യുമ്പോൾ സോഴ്സ് വെളിപ്പെടുത്തില്ലെന്ന് മാധ്യമ പ്രവർത്തകന് മറുപടി നൽകാൻ കഴിയില്ല. കാരണം കത്ത് വ്യാജരേഖയാണ്. ഈ സാഹചര്യത്തിൽ കത്ത് കിട്ടിയ ഉറവിടം മാധ്യമ പ്രവർത്തന് വെളിപ്പെടുത്തേണ്ടി വരും. അല്ലെങ്കിൽ കത്തുണ്ടാക്കിയതും പ്രചരിപ്പിച്ചും മാധ്യമ പ്രവർത്തകനായി മാറുകയും ചെയ്യും. ശോഭനാ ജോർജ് പ്രതിയായ പഴയ വ്യാജരേഖാ കേസിന് സമാനമായ സാഹചര്യം അതുണ്ടാക്കും. ഈ വ്യാജരേഖാ കേസ് പിന്നീട് കോടതിയിൽ പൊളിഞ്ഞുവെന്നതാണ് മറ്റൊരു വസ്തുത. ഒത്തുതീർപ്പായിരുന്നു ഇതിന് കാരണം.

ഈ കേസ് അന്വേഷിക്കാതെ മുമ്പോട്ട് പോകാൻ സർക്കാരിനുമാകില്ല. കത്ത് വിഷയത്തിൽ എന്തു ചെയ്തു എന്നു സർക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം. കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാൻ കേരള പൊലീസ് നീക്കം തുടങ്ങിയത്. പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്താതെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തേക്കുമെന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കത്തു പുറത്തു വിട്ടത് മനോരമ പത്രമാണെന്നിരിക്കെ അത്തരത്തിൽ പ്രതി ചേർക്കാതിരിക്കാൻ പറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.