മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം ആൾക്കൂട്ട മർദ്ദനത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് പൊലീസ് റിപ്പോർട്ട്, അക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്. അതേസമയം അശോക് ദാസിനെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് സംഭവത്തിന് ദൃക്‌സാഷികൾ പറയുന്നത്. അശോക് ദാസ് ഓടി രക്ഷപ്പെടാതിരിക്കാനാണ് കെട്ടിയിട്ടതെന്നും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷി പറയുന്നു. കയ്യിൽ ചോരയൊലിക്കുന്ന നിലയിലാണ് അശോക് ദാസ് എത്തിയതെന്ന് അവർ പറയുന്നു.

മൂന്നര മീറ്റർ മതിൽ ചാടിയാണ് അശോക് ദാസ് എത്തിയതെന്ന് ദൃക്സാക്ഷി പറയുന്നു. എന്തിനാണ് ഇവിടേക്ക് എത്തിയതെന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്തിനെ കാണാൻ വന്നതാണെന്നും കൂട്ടുകാരന്റെ അച്ഛൻ മരിച്ചതറിയിക്കാൻ എത്തിയതാണെന്നും അവർ പറയുന്നു. കയ്യിലെ പരുക്ക് രാവിലെ അപകടമുണ്ടായതാണെന്നാണ് അശോക്ദാസ് ഇവരോട് പറഞ്ഞത്. പൊലീസിനെ വിവരം അറിയിക്കാമെന്നും അവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നും നാട്ടുകാർ പറഞ്ഞു.

കാര്യങ്ങൾ ചോദിക്കുന്നതിനിടെ അശോക് ദാസ് ഓടി വീടിന്റെ പുറകിലേക്ക് ഓടിയെന്ന് ദൃക്സാക്ഷി പറയുന്നു. അശോക് ദാസിനെ പിന്നാലെ പോയി പിടികൂടി തൂണിൽ തോർത്തുമുണ്ട് കൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് അശോക് ദാസ് കാണാനെത്തിയ പെൺ സുഹൃത്തിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ആദ്യം ഇയാളെ അറിയില്ലെന്നും പിന്നീട് ഒരുമിച്ച് ജോലി ചെയ്തിരുന്ന ആളാണെന്നും ഇവർ നാട്ടുകാർ പറഞ്ഞു.

ആരും കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്നും നിരപരാധികളെയാണ് കസ്റ്റഡിയിലെത്തിരിക്കുന്നതെന്നും ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു. വാളകം കവലയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കേസിൽ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺസുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

പിടികൂടുമ്പോൾ അശോകിന്റെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഈ മുറുവുകൾ എങ്ങനെ ഉണ്ടായി എന്നതടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു.

അതേസമയം അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.