കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ വധശ്രമം. നഗരത്തിൽ കലൂർ ആസാദ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളിൽ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഒരാളുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടികൾ നടന്നുവരവേ യുവാവുമായി വാക്കു തർക്കം ഉണ്ടായതായാണ് പ്രാഥമിക വിവരം. പെട്ടെന്ന് പ്രകോപിതനായ യുവാവ് വാക്കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് വെട്ടാൻ ശ്രമിച്ചു.

രണ്ടാമത്തെ പെൺകുട്ടി കൈകൊണ്ട് തടഞ്ഞത്കൊണ്ട് കഴുത്തിന് വെട്ടേറ്റില്ല.പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ആൺസുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടാൻ ഉപയോഗിച്ച വാക്കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.