പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തും മുൻപ് അക്രമി സംഘം ഒറ്റപ്പാലത്തെ ബിജെപി നേതാവിനെ ലക്ഷ്യം വച്ചിരുന്നതായി സ്ഥിരീകരണം. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് ബഷീറാണ് അന്വേഷണസംഘത്തിനോട് ആസൂത്രണം വെളിപ്പെടുത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. അക്രമി സംഘം കിൻഫ്രാ പാർക്കിന് സമീപം ചെലവഴിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ബഷീറിനെ ഒറ്റപ്പാലം ലക്കിടിയിലെത്തിച്ചു തെളിവെടുത്തു. ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16 നു രാവിലെയാണ് ബഷീർ ഉൾപ്പെട്ട സംഘം കാറിലും അഞ്ച് ബൈക്കുകളിലുമായി ലക്കിടി കിൻഫ്രാ പാർക്കിനു സമീപം എത്തിയത്. ഒറ്റപ്പാലത്തെ പ്രമുഖ ബിജെപി നേതാവിനെ വധിക്കാൻ ലക്ഷ്യമിട്ടു മണിക്കൂറുകളോളം കാത്തുനിന്നു. പുലർച്ചെ 3.30 ന് എത്തിയ സംഘം രാവിലെ 6 മണി കഴിയും വരെ ഇവിടെ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. ഇവർ കിൻഫ്രാ പാർക്കിനു സമീപം ചെലവഴിച്ചുവെന്ന് വ്യക്തമാകുന്നതാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ.

കൊലപാതക ശ്രമം പാളിയതോടെയാണു പാലക്കാട്ടേക്കു പോയി ശ്രീനിവാസനെ ആക്രമിച്ചത്. ആദ്യഘട്ടത്തിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ സമാന മൊഴി നൽകിയെങ്കിലും ബഷീർ വ്യക്തതയോടെ അന്വേഷണസംഘത്തിനോട് ആസൂത്രണം ഏറ്റുപറയുകയായിരുന്നു. പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി - ആർഎസ്എസ് നേതാക്കളുടെ പട്ടിക പിടിച്ചെടുത്തിരുന്നു. മലപ്പുറം ജില്ലയിലെ മാത്രം 379 നേതാക്കളുടെ എഴുതി തയ്യാറാക്കിയ പേരുവിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ നേതാക്കളുടെയും പേരുവിവരങ്ങൾ ഇവർ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രതികളായ കേസുകളിൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കലാണ് സുബൈറിന്റെ ചുമതലയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി അനിൽകുമാർ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ പ്രതികൾക്കായി ഒളിത്താവളമൊരുക്കാൻ ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2010 ൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികൾക്ക് ഈ സംഘം ഒളിത്താവളം ഒരുക്കിയിരുന്നു.

പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത്, ശ്രീനിവാസൻ കേസിലെ പ്രതികൾക്കും ഒളിത്താവളം ഒരുക്കി. പോപ്പുലർ ഫ്രണ്ടിന്റ കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ് അറസ്റ്റിലായ സിറാജുദീൻ. സിറാജുദ്ദീനിൽ നിന്നും നിരവധി പെൻഡ്രൈവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്. ഒരു പെൻ ഡ്രൈവിൽ നിന്നും ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയ ശേഷമുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

സഞ്ജിത് ചോരയിൽ കുളിച്ചു കിടക്കുന്നതും പിന്നീട് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിന്റേയും ദൃശ്യങ്ങളാണുള്ളത്. സഞ്ജിതിനെ വെട്ടിയ പ്രതികളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും പോപ്പുലർ ഫ്രണ്ട് നോട്ടമിട്ടിട്ടുള്ള ആർഎസ്എസ്- ബിജെപി നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതായി അന്വേഷണ സംഘം പറയുന്നു. മലപ്പുറത്ത് ഒരു ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ സാക്ഷി പറഞ്ഞയാളുടെ വിവരങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.