മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി മലപ്പുറം പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ കുട്ടിയെ കടത്തികൊണ്ടുപോകാൻ ഉപയോഗിച്ചകേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സ്‌കൂട്ടറും കുട്ടിയിൽ നിന്നും കവർന്നെടുത്ത മൊബൈൽ ഫോൺ, വാച്ച് എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

അറസ്റ്റിലായ അഞ്ചു പ്രതികളെയും ഇക്കഴിഞ്ഞ 24ന് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീറിന് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് തൊണ്ടി മുതലുകൾ കണ്ടെത്തിയത്. പെൺകുട്ടിയെ കടത്താനുപയോഗിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാജിയാർപടി ചോലക്കുഴി മൂലയിൽ ശ്രീജിത്ത് (35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസിൽ ആദ്യം തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായിരുന്നത്.

കേസിലെ ഒന്നാം പ്രതിയായ ആസാം മാരിഗോൺ അഷിഗർ ഗഗലമാരി ഫിർദൗസ് അഹ്മദ് (26) ന്റെ ഭാര്യയാണ് പരാതിക്കാരി. പണത്തിന് വേണ്ടി ഒന്നാം പ്രതി തന്റെ ഭാര്യയെ മറ്റു പ്രതികളായ. പൂക്കോട്ടൂർ പള്ളിപ്പടി കോതടി മജീദ് (52), പൂക്കോട്ടൂർ അറവങ്കര തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് കറുത്തേടത്ത് കെ പി അഷറഫ് (42), പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവർക്ക് വിട്ടു നൽകുകയും ഇവർ പെൺകുട്ടിയെ അറവങ്കരയിലെ റൂമിൽ കൊണ്ടു പോയി കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയെന്നുമാണ് കേസ്.

സെപ്റ്റംബർ 13നാണ് പ്രതികൾ അറസ്റ്റിലാകുന്നത്. തെളിവെടുപ്പിന് ശേഷം ഇന്നലെ ഹാജരാക്കി പ്രതികളെ കോടതി വീണ്ടും റിമാന്റ് ചെയ്ത് പെരിന്തൽമണ്ണ സബ്ജയിലിലേക്കയച്ചു. ഓട്ടോ ഡ്രൈവറായ ശ്രീജിത്തിനെ മലപ്പുറം ഡിവൈഎസ്‌പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ എസ്.സി.പി. ഒ മാരായ ശ്രീലാൽ , മുസ്തഫ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

രാത്രികാല ഓട്ടോ റിക്ഷ ഓടുന്നതിന്റെ മറവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കടത്തികൊണ്ടുവരാൻ പ്രതികൾക്ക് സഹായം ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഇതിനു മുന്നെ ഒരു പോക്സോ കേസുൾപ്പെടെ മുന്ന് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.