- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശ പരിപാലന ചട്ടം ലംഘിച്ചു; കൊച്ചി ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ; നടൻ ജയസൂര്യക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം ; നടൻ അടക്കം നാല് പേർ പ്രതികൾ
കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചും വേമ്പനാട്ട് കായൽ കയ്യേറിയും നടൻ ജയസൂര്യ കൊച്ചുകടവന്ത്രയിൽ ആഡംബര വീട് നിർമ്മിച്ചതിനെതിരായ കേസിൽ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം വിജിലൻസ് യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചു. നടൻ ജയസൂര്യ അടക്കം നാലു പേർ കേസിൽ പ്രതികളാണ്.
ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കയ്യേറി നടത്തിയ നിർമ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചാണ് നിർമ്മാണമെന്നും ആരോപിച്ചു പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നൽകിയത്.
കായൽ കയ്യേറ്റത്തിൽ ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രിബ്യൂണൽ നേരത്തെ തള്ളിയിരുന്നു. കായൽ കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിൽ ജയസൂര്യ അടക്കം നാല് പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയും രണ്ടാം പ്രതി ബിൽഡിങ് ഇൻസ്പെക്ടറുമാണ്.
തീരപരിപാലന നിയമം ലംഘിച്ചു കായൽ കയ്യേറിയെന്ന പരാതിയിൽ താരത്തിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കൊച്ചി ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണപ്രവർത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്. ഇവിടെ ചുറ്റുമതിൽ നിർമ്മിച്ചതു പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെ ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
നടൻ ജയസൂര്യ എറണാകുളം കൊച്ചുകടവന്ത്രയിൽ ചിലവന്നൂർ കായൽ കയ്യേറിയും തീരദേശ പരിപാലന നിയമവും കേരള മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ച് ആഡംബര വീടും ചുറ്രുമതിലും സ്വകാര്യ ബോട്ട് ജെട്ടിയും നിർമ്മിച്ചതിന് എതിരെയാണ് ഗിരീഷ് ബാബു കൊച്ചിൻ കോർപ്പറേഷനിൽ 2013 ഓഗസ്റ്റ് ഒന്നിന് പരാതി നൽകിയത്.
പരാതിയിൽ അന്വേഷണം നടത്തിയ കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി അനധികൃത നിർമ്മാണം പതിനാല് ദിവസത്തിനകം പൊളിച്ചുനീക്കാൻ 2014 ഫെബ്രുവരിയിൽ നടൻ ജയസൂര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കായൽ കയ്യേറ്റം അളന്ന് തിട്ടപ്പെടുത്തുവാൻ കണയന്നൂർ താലൂക്ക് സർവെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നടൻ ജയസൂര്യ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരെയുള്ള എല്ലാവിധ നടപടികളും മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി ജയസൂര്യയ്ക്ക് അനുകൂലമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിൻ കോർപ്പറേഷൻ മുൻ സെക്രട്ടറി വി ആർ രാജു, മുൻ അസി. എക്‌സി. എഞ്ചിനീയർ എൻ എം ജോർജ്, അസി. എക്‌സി. എഞ്ചിനീയർ എ നിസാർ കണയന്നൂർ താലൂക്ക് ഹെഡ് സർവേയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ പ്രതികളാക്കി തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. പരാതിയെ തുടർന്ന് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2015 ഡിസംബർ 18ന് തൃശൂർ വിജിലൻസ് കോടതിയിൽ CMP 981/2015 നമ്പർ പ്രകാരം ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച വിജിലൻസ് കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം കണയന്നൂർ താലൂക്ക് സർവെയർ നടത്തിയ പരിശോധനയിൽ മൂന്ന് സെന്റ് 700 സ്‌ക്വയർ ലിങ്ക്‌സ് കായൽ നികത്തി കൈയേറിയതായും കായലിലേക്ക് അനധികൃതമായി ബോട്ട് ജെട്ടി സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു.
പിന്നീട് ഹർജി പരിഗണിച്ച മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നതിനായി എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയായിരുന്നു.
2016 ഫെബ്രുവരി 27ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി ആറ് വർഷവും അഞ്ച് മാസവും പൂർത്തീകരിച്ചിട്ടും കേസിന്റെ അന്തിമ കുറ്റപത്രം സമർപ്പിക്കാതെ കേസ് അന്വേഷണ ഉദ്യോഗസ്ഥർ നീട്ടുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ