പത്തനംതിട്ട: തിരുവല്ലയിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ ബലിനൽകിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവല്ല സ്വദേശി ഭഗവന്ത് സിംഗിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. ആറന്മുള പൊലീസ് സ്റ്റേഷനതിർത്തിയിലെ ഇലന്തൂരിൽ വർഷങ്ങളായി ഇയാൾ വീട്ടിൽ തിരുമ്മുചികിത്സ നടത്തിയിരുന്നു. പിതാവിൽ നിന്നും ലഭിച്ച അറിവുകൾ പ്രയോജനപ്പെടുത്തിയാണ് ഇയാൾ ചികിത്സ നടത്തിയത്. പിതാവും തിരുമ്മു ചികിത്സ നടത്തുന്ന വൈദികനായിരുന്നു.

ഏത് രാത്രിയിലും ചികിത്സയ്ക്കായി വൈദ്യരെ സമീപിക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എത്തുന്ന രോഗികളെ ഒരിക്കലും അയാൾ നിരാശനാക്കി വിട്ടിരുന്നില്ല. പലപ്പോഴും രാത്രിയിൽപ്പോലും ദൂരെദിക്കിൽ നിന്ന് രോഗികളെയുംകൊണ്ട് വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ പൊലീസ് ഭഗവന്ത് സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്.

എന്നാൽ ഇരുവരും അരുകൊല നടത്തിയതാണെന്ന് നാട്ടുകാർക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യർ ചികിത്സിച്ചിരുന്ന രോഗികളിൽ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.സാമ്പത്തിക ഉന്നമനത്തിനായി ഭഗവന്ത് സിങ് ബലിയർപ്പിക്കൽ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത് രണ്ടാഴ്ചയ്ക്കുമുമ്പാണ്. രണ്ടാഴ്ചയായി ഇതുസംബന്ധിച്ച് അന്വേഷണത്തിലാണ്. വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശും വ്യക്തമാക്കി. ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബർ 26 നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്ലിയെയും കാണാതായതായി കണ്ടെത്തിയത്.

എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. തിരുവല്ലക്കാരായ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് നരബലി നടത്തിയത്. ഭഗവൽ സിങ് ആഭിചാരകർമ്മങ്ങൾ നടത്തി വരുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കുഴിച്ചിട്ട സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

പൂജയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയശേഷം മാത്രമേ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകൂ. എങ്ങനെയാണ് കൊലപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. ഇപ്പോൾ പ്രാഥമികമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാകുന്നതെന്നും ഐജി പ്രകാശ് പറഞ്ഞു.

ചിറ്റൂർ റോഡിൽ രാത്രി ലോട്ടറിക്കച്ചവടം നടത്തുന്നതിനിടെ പൊന്നുരുന്നി സ്വദേശി പത്മത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. കാലടി മലയാറ്റൂർ സ്വദേശിനി റോസ് ലിയെ (50) ജൂൺ മാസത്തിലാണ് കാണാതായത്. അതിക്രൂരമായ രീതിയിലാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഭവവൽ സിങ് തിരുമ്മു ചികിത്സയും നടത്തി വന്നിരുന്നു. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപമാണ് കഷണങ്ങളാക്കിയ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

മൂന്നു ജില്ലാ പൊലീസ് മേധാവികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കടവന്ത്ര സ്വദേശിനിയുടെ മിസ്സിങ് കേസ് കൊച്ചി സിറ്റി പൊലീസാണ് അന്വേഷിക്കുന്നത്. കാലടി സ്വദേശിനിയുടെ തിരോധാനം കൊച്ചി റൂറൽ പൊലീസും അന്വേഷിക്കുന്നു. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലുമാണെന്ന് ഐജി പ്രകാശ് പറഞ്ഞു. അസാധാരണവും ഭീതിജനകവുമായ കൊലപാതകമാണ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അതിക്രൂരമായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്ന് നാഗരാജു പറഞ്ഞു.