തൃശൂർ: ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കേസെടുത്ത് തൃശൂർ വെസറ്റ് പൊലീസ്. ഐപിസി 341, 506, 294(ബി), 34 വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമാ രംഗത്തുള്ള ഷിജു ജോബിന്റെ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തലും ബ്ലാക്ക് മെയിലിംഗും ആണ് ചെയ്തതെന്നാണ് പരാതി. ജാമ്യം കിട്ടുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

മാർച്ച് നാലിന് പരാതിക്കാരനെ തൃശൂർ കോടതി പരിസരച്ച് വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കൈയും കാലും തല്ലിയൊടിക്കുമെന്നും യൂ ട്യൂബ് ചാനലിലൂടെ പരാതിക്കാരനേയും സ്ഥാപനത്തേയും കള്ളക്കഥകൾ പറഞ്ഞു നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആലപ്പുഴക്കാരനായ ജിബു ജോണാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയാണ് ബൈജു കൊട്ടാരക്കര. മറ്റ് രണ്ട് പ്രതികളും കേസിൽ കുറ്റാരോപിതരാണ്.

സന്തോഷ് ത്രിവിക്രമന്റെ വൗ സിനിമാസിലെ മാനേജരാണ് പരാതിക്കാരനായ ഷിജു ജോബ്. ഷിബു ജോബിന്റെ പേര് തെറ്റായി ഉപയോഗിച്ച് ഷിജു ജോൺ പണം തട്ടിയെന്നാണ് ആരോപണം. ഇതിന്റെ പേരിൽ മറ്റൊരു കേസുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഷിബു ജോബിനെ ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊരു കേസ്. ഈ കേസിലാണ് ബൈജു കൊട്ടാരക്കര പ്രതിയാകുന്നത്. തട്ടിപ്പിൽ വൗ സിനിമാസിന്റെ പേരും ഉപയോഗിച്ചിട്ടുണ്ട്. അവരും താമസിയാതെ കേസ് കൊടുക്കുമെന്നാണ് സൂചന.

നേരത്തെ കോടതിയലക്ഷ്യക്കേസിൽ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി ഹൈക്കോടതിയിൽ മാപ്പു പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരക്കെതിരേ കോടതിയലക്ഷ്യക്കേസ് വന്നത്. ബൈജു നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അദ്ദേഹം കോടതിയിൽ ഹാജരായി. പരസ്യമായി മാപ്പ് പറയാമെന്ന് ബൈജു സമ്മതിക്കുകയും ചെയ്തു.പിന്നീട് സ്വന്തം ചാനലിലൂടെ മാപ്പു പറഞ്ഞു.

ഒരു ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് സംവിധായകൻ നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കിയിരുന്നത്. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയതെന്നും ഇത്തരം അഭിപ്രായങ്ങൾ കോടതിയുടെ അധികാരത്തെ താഴ്‌ത്തിക്കെട്ടുന്നതാണെന്നും ചാർജിൽ വിശദീകരിച്ചിരുന്നു.

ജ്യൂഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയിൽ ഹാജരായി ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് മാപ്പു പറയാമെന്ന് സമ്മതിച്ചത് കേസൊഴിവാക്കിയത്. ഈ സംവിധായകനാണ് വീണ്ടും കേസിൽ കുടുങ്ങുന്നത്.