തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനൽകണമെന്ന ബാറുടമ സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത് വിവാദമായ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. സർക്കാറിന് തട്ടുകേടില്ലാതെ അന്വേഷണം പൂർത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. മേൽനോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയിട്ടുണ്ട്.

ശബ്ദരേഖക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചു എക്‌സൈസ് മന്ത്രി എംബി രാജേഷ് ഇന്നലെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷണം നടക്കുന്നത്. മന്ത്രിയുടെ പരാതിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും പരിശോധിക്കും. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയിൽ മാത്രമായി അന്വേഷണം ഒതുങ്ങാനാണ് സാധ്യത. മദ്യനയത്തിന്റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കോഴ വിവാദത്തോടെ ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാർശ സർക്കാർ ഇനി ഗൗരവത്തിൽ പരിഗണിക്കില്ല. വിവാദങ്ങൾക്കിടയിൽ ഇളവ് നൽകിയാൽ അത് ആരോപണങ്ങൾക്ക് കരുത്ത് പകരുമെന്ന ആശങ്കയാണ് സർക്കാരിനും പാർട്ടിക്കും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തൽ. ബാറുകളുടെ പ്രവർത്തന സമയത്തിലും ചില ഇളവുകൾ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാർശ ഉണ്ടായിരിന്നു. ഇത് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത നടപ്പാക്കാനായിരിന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന.

മദ്യനയ ഇളവിൽ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ സർക്കാരിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ്. എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും മന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സിപിഐഎം വ്യക്തമാക്കി.

മദ്യനയ ഇളവിൽ ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദ്ദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടതുകൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇതുകൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

മദ്യനയം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. അതേസമയം ബാർ കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ബാർ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 'എക്‌സൈസ് മന്ത്രി രാജിവയ്ക്കണം. നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്. രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു. ബാർ കൂടി, പക്ഷെ ടേൺ ഓവർ ടാക്‌സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡിഎഫിന്റെ ഉറപ്പ് പ്രഹസനമായി.' അദ്ദേഹം വിമർശിച്ചു.