- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
472 പേരിൽ നിന്ന് ബാറുടമകൾ പിരിച്ചത് നാലരക്കോടി
തിരുവനന്തപുരം: ബാർകോഴ വിവാദം സർക്കാറിനെ പ്രതിരോധത്തിൽ ആക്കിയപ്പോൾ ബാറുടമകൾ വിശദീകരിച്ചത് അനിമോൻ പറഞ്ഞ ആ രണ്ടര ലക്ഷത്തിന്റെ കണക്ക് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എന്നായിരുന്നു. എന്നാൽ, ആ പറഞ്ഞത് കള്ളക്കഥയാണെന്നാണ് തെളിവുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം. കെട്ടിട നിർമ്മാണത്തിനായി ബാറുടമകൾ പണം പിരിച്ചു എന്നത് ശരിയാണ്. അത് ഒരു ലക്ഷം രൂപ വീതമായിരുന്നു. 472 പേരിൽ നിന്നായി നാലരക്കോടി രൂപയാണ് പിരിച്ചത്. ഈ പണപ്പിരവ് നേരത്തെ തന്നെ നടന്നിരുന്നു.
പണം നൽകിയവരുടെ വിശദാംശങ്ങൾ ഏപ്രിൽ ഒന്നിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. അപൂർവം ചില ബാറുഉടമകൾ 50000 രൂപവെച്ചും പിരിവ് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്ന് മാത്രം ഒരുകോടിയലധികം രൂപയാണ് പിരിച്ചെടുത്തത്. ഇതിന് ശേഷമാണ് മദ്യനയം തങ്ങൾക്ക് അനുകൂലമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടന്നതും. അതിന് വേണ്ടിയാണ് അനിമോൻ പറഞ്ഞ ശബ്ദരേഖയിലെ രണ്ടര ലക്ഷം എന്നത് വ്യക്തമാകുകയാണ്.
അതേ സമയം, ബാർകോഴ വിവാദത്തിൽ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു. ബാർകോഴ ഉയർത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. വിവാദമായ ശബ്ദ രേഖ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അനിമോൻ നിഷേധിച്ചിട്ടില്ല.
വിഷയം രാഷ്ട്രീയ ആരോപണമായി സർക്കാറിനെതിരെ തിരിയുമ്പോഴും കോഴ വിവാദത്തിൽ മൗനം പാലിച്ചിരിക്കയാണ് സർക്കാർ. പണപ്പിരിവിലും മദ്യനയത്തിലെ ഇളവിലും നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി അടക്കമുള്ളവർ മൗനം തുടരുകയാണ്.. ഉദ്യോഗസ്ഥതലത്തിലെ വിശദീകരണങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. മദ്യനയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിനാൽ പ്രതികരണത്തിന്റെ കാര്യമില്ലെന്നാണ് സർക്കാർ പറയുന്നത്
ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പ്രത്യുപകാരം ചെയ്യണമെന്ന ബാറുടമയുടെ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ എക്സൈസ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സർക്കാർതലത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലന്നും, ചർച്ച ചെയ്യാത്ത മദ്യനയത്തിന്റെ പേരിൽ പണം പിരിച്ചവർക്ക് എതിരെ നടപടിയെടുക്കുമെന്നും എം.ബി രാജേഷ് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ യോഗം വിളിച്ചു എന്ന വിവരം പുറത്തുവന്നു. ഈ മാസം 21ന് യോഗം ചേർന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
സംഭവം വിവാദമായതോടെ മന്ത്രി അറിഞ്ഞല്ല യോഗമെന്ന് ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കി വിശദീകരിച്ചു. ടൂറിസം ഡയറക്ടർ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന് ടൂറിസം മന്ത്രിയും വിശദീകരിച്ചു. അതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്റെ പത്രക്കുറിപ്പ് പുറത്തുവരുന്നത്. സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കാലങ്ങളിലും ഉദ്യോഗസ്ഥർ ചർച്ച നടത്താറുണ്ട്, അതിന്റെ ഭാഗമായി ഡ്രൈ ഡേ ഒഴിവാക്കുന്ന അടക്കമുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചീഫ് സെക്രട്ടറി വാർത്താക്കുറുപ്പിൽ വിശദീകരിച്ചു.
എന്നാൽ വലിയ വിവാദമുണ്ടായിട്ടും വിശദീകരണങ്ങൾ ഉദ്യോഗസ്ഥലത്തിൽ മാത്രം ഒതുങ്ങുകയാണ്. ടൂറിസം ഡയറക്ടർ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എക്സൈസ് മന്ത്രി വിദേശയാത്രയിലാണ്. സർക്കാർതലത്തിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ച നടക്കാത്തതിനാൽ കാര്യമായ പ്രതികരണങ്ങളിലേക്ക് മന്ത്രിമാർ കടക്കേണ്ടതില്ലെന്നാണ് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് അനിമോന്റെ പേരിൽ നേരത്തേ പുറത്തുവന്നത്. രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവെന്നുമായിരുന്നു ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം.
എന്നാൽ സംഭവം വിവാദമായതോടെ പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനാണെന്ന വാദവുമായി അനിമോൻ രംഗത്തെത്തിയിരുന്നു. തന്റെ ശബ്ദസന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഇയാൾ ഖേദപ്രകടനവും നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.
ആരോപണത്തിൽ കഴിഞ്ഞ ദിവസം അനിമോൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീർഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്നലെ ഓൺ ചെയ്തിട്ടുണ്ട്.