- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചൂതാട്ടം തലയ്ക്ക് പിടിച്ച അരവിന്ദൻ ഒളിവിൽ തന്നെ
പത്തനംതിട്ട: കൂടൽ ബെവ്കോ തട്ടിപ്പ് അന്വേഷിച്ചുപോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആറ് മാസം കൊണ്ട് എൽ ഡി ക്ലാർക്കായ അരവിന്ദ് തട്ടിയെടുത്ത 81.6 ലക്ഷം രൂപയിൽ, ഏറിയ പങ്കും ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാൻ. പ്രതിയായ ക്ലാർക്ക് അരവിന്ദിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തുടക്കത്തിൽ കിട്ടിയ ചെറിയ ലാഭമാണ് ഈ ചെറുപ്പക്കാരനെ വമ്പൻ ചൂതാട്ടത്തിന് പ്രേരിപ്പിച്ചത്. പണം കണ്ടെത്താൻ അരവിന്ദ് കണ്ടെത്തിയ മാർഗ്ഗമാകട്ടെ തട്ടിപ്പും.
യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് റമ്മി കളിക്കുള്ള പണം പോയിരിക്കുന്നത്. അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടിൽ 22 ലക്ഷം രൂപ ബാങ്കിയുണ്ട്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. എസ്ബിഐ കലഞ്ഞൂർ ബ്രാഞ്ചിലാണ് കൂടൽ ബെവ്കോ ഔട്ട് ലെറ്റിന്റെ അക്കൗണ്ട്. അതിൽ നിക്ഷേപിക്കാൻ കൊടുത്തുവിടുന്ന തുകയിൽ നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. സംശയം തോന്നാതിരിക്കാൻ ചെല്ലാനിൽ തിരിമറി നടത്തും. പൊലീസ് കേസെടുത്തത് മുതൽ അരവിന്ദ് ഒളിവിലാണ്.
ക്ലാർക്ക് നടത്തിയ തട്ടിപ്പിൽ മേൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിൽ വകുപ്പുതല നടപടി വന്നിരുന്നു. മാനേജരെ സസ്പെൻഡ് ചെയ്തതിനു പുറമെ ഓഡിറ്റ് വിഭാഗത്തിലെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തു. കണക്കിൽ സംശയം തോന്നിയ ജില്ലാ ഓഡിറ്റ് സംഘം കഴിഞ്ഞ മാസം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണു തിരിമറി കണ്ടെത്തിയത്. ഇതുസംബന്ധിച്ചു വിശദീകരണം ചോദിച്ചപ്പോൾ ബാങ്കിൽനിന്നു സ്റ്റേറ്റ്മെന്റ് എടുക്കാനെന്നു പറഞ്ഞു പോയ ജീവനക്കാരൻ പിന്നീടു വന്നില്ല. തുടർന്നു നടന്ന പരിശോധനയ്ക്കു ശേഷം ജീവനക്കാരന്റെ മാതാവുമായി ബന്ധപ്പെട്ട് ഇരുവരെയും സ്ഥലത്തെത്തിച്ചു വിശദീകരണം തേടി.
പണം എന്തിനാണു ചെലവഴിച്ചതെന്നതു സംബന്ധിച്ച കൃത്യമായ മറുപടി ജീവനക്കാരൻ നൽകിയില്ല. ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെടുത്തിയെന്ന സംശയം ഉയർന്നു വരികയും ചെയ്തിരുന്നു. ദിവസവും 7 ലക്ഷത്തോളം രൂപ വരുമാനമുള്ള കേന്ദ്രമാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം ആ തുകയാണു നിക്ഷേപിച്ചിരുന്നത്. ബാക്കി തുക ജീവനക്കാരൻ കൈക്കലാക്കുകയായിരുന്നു. യഥാർഥ തുകയുടെ സ്ലിപ് വിൽപന കേന്ദ്രത്തിലും സൂക്ഷിക്കും. ഇതിലും വൈറ്റ്നർ ഉപയോഗിച്ചു തിരുത്തു വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിൽപന കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ റിപ്പോർട്ട് ദിവസവും വെയർ ഹൗസിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച ദിവസ വരുമാനത്തിൽനിന്നു പലപ്പോഴായി വക മാറ്റിയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ട്. മദ്യവിൽപന ശാലയിൽ നിന്നു ദിവസവും ലഭിക്കുന്ന തുക കെട്ടിവച്ചു സ്ലിപ് എഴുതിയ ശേഷം പിറ്റേന്നു രാവിലെയാണു ബാങ്കിൽ അടയ്ക്കുന്നത്.
അതേസമയം തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ ഓഡിറ്റ് ടീമിലെ എല്ലാവരെയും സ്ഥലംമാറ്റിയിരുന്നു. ഡിഎടി മാനേജർ ആർ.രഞ്ജിത്, അസിസ്റ്റന്റ് മാനേജർ എസ്.ആനന്ദ്, യുഡി ക്ലാർക്ക് ഷാനവാസ് ഖാൻ, സീനിയർ അസിസ്റ്റന്റ് ടി.ആർ.കിരൺ, അസിസ്റ്റന്റ് എസ്.സുധിൻ രാജ് എന്നിവരെയാണു വിവിധ ഓഫിസുകളിലേക്കു സ്ഥലം മാറ്റിയത്. കൂടൽ മദ്യവിൽപന കേന്ദ്രത്തിൽ ദിവസവും ലഭിക്കുന്ന തുക ക്ലാർക്ക് പിറ്റേന്നു ബാങ്കിൽ അടയ്ക്കുന്നതിൽ ക്രമക്കേട് നടത്തി പലപ്പോഴായി തുക മാറ്റിയാണു തട്ടിപ്പു നടത്തിയിട്ടുള്ളതെന്നാണു പരാതി. ജില്ലാ വെയർഹൗസ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇതേത്തുടർന്നു മാനേജർ ഇൻചാർജ് കൃഷ്ണകുമാർ, ക്ലാർക്ക് അരവിന്ദ് എന്നിവരെ ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഓഡിറ്റ് സംഘത്തിനെതിരെയുള്ള നടപടിയുണ്ടായത്. എന്നാൽ, ഭരണപരമായ സൗകര്യാർഥം ജീവനക്കാരുടെ സ്ഥലംമാറ്റമാണെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം ക്രമക്കേട് നടന്നതു കണ്ടെത്തിയതു ജില്ലാ ഓഡിറ്റ് സംഘമാണെങ്കിലും വിറ്റ മദ്യത്തിന്റെ കണക്കനുസരിച്ചു ബാങ്കിൽ അടച്ച തുകയിലുണ്ടായ വ്യത്യാസം 6 മാസം വരെയും കണ്ടെത്താൻ കഴിയാതിരുന്നതാണ് ഇവർക്കെതിരെയുള്ള നടപടിക്കു കാരണമെന്നാണു വിവരം.